ബീജിംഗ്: ചൈനീസ് നിർമ്മാതാക്കളിൽ നിന്ന് വാങ്ങുന്ന അവശ്യ മെഡിക്കല്‍ സാമഗ്രികളുടെ വില കുത്തനെ കൂട്ടുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാർഗോ ഫ്ലൈറ്റ് സേവനങ്ങൾ സാധാരണ നിലയില്‍ പുനസ്ഥാപിക്കാനും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പോലുള്ള മെഡിക്കൽ സാമഗ്രികളുടെ വില കുതിച്ചുയരുന്നതും ഇന്ത്യയിലേക്കുള്ള ചരക്ക് വിമാന സർവീസുകൾ തടസ്സപ്പെടുന്നതും മെഡിക്കൽ സാധനങ്ങളുടെ വരവ് മന്ദഗതിയിലാക്കുന്നുവെന്ന് ഹോങ്കോങ്ങിലെ ഇന്ത്യൻ പ്രതിനിധി ജനറൽ പ്രിയങ്ക ചൗഹാൻ പറഞ്ഞു.
കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഏപ്രിൽ 26 മുതൽ സിചുവാൻ എയർലൈൻസിന്‍റെ 11 കാർഗോ ഫ്ലൈറ്റുകള്‍ 15 ദിവസത്തേക്ക് നിർത്തിവയ്ക്കാനുള്ള തീരുമാനമാണ് കാർഗോ ഫ്ലൈറ്റ് തടസ്സങ്ങൾ വർദ്ധിപ്പിച്ചത്. വിമാനങ്ങൾ പുന:സ്ഥാപിക്കാനുള്ള പദ്ധതികൾ അവലോകനം ചെയ്യുകയാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ഇത് വരെ നടന്നിട്ടില്ല. അതേസമയം സിചുവാൻ എയർലൈൻസിന്‍റെ മൂന്ന് ചരക്ക് സർവീസുകൾ ചോങ്‌കിംഗിൽ നിന്നും സിയാനിൽ നിന്നും ഡല്‍ഹിയിലേക്ക് മെയ് 17 മുതൽ പുന:സ്ഥാപിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതായി ഷാങ്ഹായിലെ ഫ്രൈറ്റ് ഫോർവേർഡേഴ്സ് പറഞ്ഞു. നിലവിൽ ചൈനയിൽ നിന്ന് വൈദ്യസഹായങ്ങൾ എത്തിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് സ്പൈസ് ജെറ്റ്, ബ്ലൂ ഡാർട്ട് എന്നിവയുൾപ്പെടെ മറ്റ് വിമാനക്കമ്പനികള്‍ കാലി വിമാനങ്ങൾ അയക്കുകയാണ് ചെയ്യുന്നത്.