ലഖ്നൗ: രാമായണത്തിലും മഹാഭാരതത്തിലും അക്രമമുണ്ടെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശത്തിനെതിരെ പരാതിയുമായി ബാബാ രാംദേവ് രംഗത്ത്. സീതാറാം യെച്ചൂരി മുഴുവൻ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണം. ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതത്തെയും രാമായണത്തെയും മാത്രമല്ല യെച്ചൂരി അപമാനിച്ചത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള വേദകാല സംസ്കാരത്തെയും ഇന്ത്യൻ പാരമ്പര്യത്തെയും സംസ്കാരത്തെയുമാണ് അദ്ദേഹം അപമാനിച്ചതെന്നും ഹരിദ്വാര്‍ എസ്പിയ്ക്കു പരാതി നൽകിയ ശേഷം രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.
യെച്ചൂരിക്കെതിരെ പരാതിയുമായി ബാബാ രാംദേവ്
രാമയാണത്തിലും മഹാഭാരതത്തിലും അക്രമമുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരാമര്‍ശിച്ചിരുന്നു. യെച്ചൂരി മുഴുവൻ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണമെന്ന് ബാബാ രാംദേവ്.
ഹിന്ദുക്കള്‍ അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്ന ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗിന്റെ വാദത്തിന് സീതാറാം യെച്ചൂരി നല്‍കിയ മറുപടിയാണ് വിവാദമായത്. 'ധാരാളം രാജാക്കന്മാര്‍ യുദ്ധം നടത്തിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന് രാമായണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍എസ്എസ് പ്രചാരകര്‍ പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ട്, എന്നാൽ ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് യെച്ചൂരി ചോദിച്ചിരുന്നു. ഇതിനെതിരെ ബിജെപിയും ശിവസേനയും രംഗത്തെത്തിയിരുന്നു.