കാസര്‍കോട്: 70 വർഷത്തിലധികം പാരമ്പര്യമുണ്ട് കാസർകോട് തളങ്കര ഹൈദ്രോസ് പള്ളിയിലെ പയർ കഞ്ഞിക്ക്. റമദാൻ ഒന്നു മുതൽ 30 വരെയാണ് പള്ളിയിൽ സ്പെഷ്യൽ കഞ്ഞിയുടെ വിതരണം. നോമ്പുതുറക്ക് മുമ്പായി വിതരണം ചെയ്യുന്ന കഞ്ഞി വാങ്ങുവാൻ കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. മഹാരാജ അരി, നെയ്യ്, ജീരകം, ഉള്ളി, ഉപ്പ്, പയർ എന്നിവയാണ് കഞ്ഞിയുടെ ചേരുവകൾ.
നാവൂറും രുചിയുമായി തളങ്കര ഹൈദ്രോസ് പള്ളിയിലെ റമദാൻ കഞ്ഞി - kasargod
റമദാൻ മാസം മുഴുവൻ വിതരണം ചെയ്യുന്ന പ്രത്യേക രുചിക്കൂട്ടുകൾ അടങ്ങിയ കഞ്ഞി വാങ്ങാൻ നിരവധി ആളുകളാണ് തളങ്കര ഹൈദ്രോസ് പള്ളിയിലെത്തുന്നത്.
ദിവസവും 18 കിലോ അരിയുടെ കഞ്ഞി പള്ളിയിൽ പാകം ചെയ്യുന്നുണ്ട്. ഓരോ ദിവസവും ആളുകളുടെ എണ്ണം കൂടി വരികയാണെന്ന് പാചകത്തിന് നേതൃത്വം നൽകുന്ന മുഹമ്മദ് സാദിഖ് പറഞ്ഞു. നാട്ടുകാരുടെയും പ്രവാസികളുടെയും സഹകരണത്തോടു കൂടിയാണ് പ്രത്യേക കൂട്ടുകൾ അടങ്ങിയ കഞ്ഞി വിതരണം ചെയ്യുന്നത്. കൂടുതൽ വിപുലമായി കഞ്ഞി വിതരണം മുന്നോട്ടുകൊണ്ടുപോകാനാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം. ഇതിനുപുറമേ വിപുലമായ നോമ്പുതുറയും തീവണ്ടി യാത്രക്കാർക്ക് നോമ്പുതുറക്കാൻ ആവശ്യമായ കിറ്റും പള്ളികമ്മിറ്റി വിതരണം ചെയ്യുന്നുണ്ട്.