ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. അഭിഭാഷകരുടെ സമരം കാരണം പശ്ചിമബംഗാളിലെ കോടതികളുടെ പ്രവര്‍ത്തനം തടസപ്പെട്ടതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് രാജീവ് കുമാര്‍ അറിയിച്ചു. നേരത്തേ കേസില്‍ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്നും അറസ്റ്റ് തടയണമെന്നുമുള്ള ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു. ജാമ്യത്തിന് കോടതിയെ സമീപിക്കാന്‍ ഏഴ് ദിവസത്തെ സമയം അനുവദിച്ചിരുന്നു. ചിട്ടി തട്ടിപ്പ് കേസില്‍ രാജീവ് കുമാര്‍ തെളിവുകള്‍ നശിപ്പിച്ചെന്നാണ് സിബിഐ വാദം.
ശാരദ ചിട്ടി തട്ടിപ്പ് കേസ്: രാജീവ് കുമാര്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും - മുന്‍കൂര്‍ ജാമ്യം
കേസില്‍ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്നും അറസ്റ്റ് തടയണമെന്നുമുള്ള രാജീവ് കുമാറിന്‍റെ ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു.
വന്‍തുക മടക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി നിര്‍ദ്ദേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്. അന്വേഷണത്തോട് രാജീവ് കുമാര്‍ സഹകരിക്കുന്നില്ലെന്നും ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നശിപ്പിച്ചെന്നും സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാജീവ് കുമാറിന്‍റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്തത് നാടകീയ സംഭവങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.