ന്യൂഡൽഹി : കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണത്തില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ റെയിൽവേ. ഓക്സിജന്‍ എക്‌സ്പ്രസ് ദൗത്യത്തില്‍ തിങ്കളാഴ്ച മാത്രം 1,142 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനാണ് (എൽ.എം.ഒ) റെയിൽവേ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചത്. ഓക്‌സിജന്‍ വിതരണം ഒരു മാസം പൂർത്തിയാവുകയുമാണ്.
ALSO READ:ചരിത്രം രചിച്ച് റെയിൽവേ; ഒരുദിവസം വിതരണം ചെയ്തത് 1118 മെട്രിക് ടൺ ഓക്സിജന്‍
റെയിൽവേ ഇതുവരെ വിതരണം ചെയ്തതില്‍ ഏറ്റവും ഉയർന്ന കണക്കാണിത്. മെയ് 20ന് 1,118 മെട്രിക് ടൺ വിതരണം ചെയ്തിരുന്നു. ഓക്‌സിജന്‍ എക്‌പ്രസുകളിലൂടെ പ്രതിദിനം ശരാശരി 800 മെട്രിക് ടൺ എൽ.എം.ഒ വിതരണം ചെയ്യുന്നുണ്ട്. അതേസമയം, തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും വിതരണം ചെയ്ത എൽ.എം.ഒ 1000 മെട്രിക് ടൺ കവിഞ്ഞു. മഹാരാഷ്ട്ര, യു.പി, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കൂടുതല്‍ എൽ.എം.ഒ എത്തിച്ചത്.
പടിഞ്ഞാറൻ മേഖലയിലെ ഹാപ്പ, ബറോഡ, മുന്ദ്ര എന്നിവിടങ്ങളിലെ പ്ലാന്‍റുകളിൽ നിന്നും കിഴക്കൻ റൂർക്കേല, ദുർഗാപൂർ, ടാറ്റാനഗർ, അങ്കുൾ എന്നിവിടങ്ങളിൽ നിന്നുമാണ് ഓക്‌സിജൻ ശേഖരിക്കുന്നത്. ശരാശരി 55 കിലോമീറ്റർ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. മുൻഗണനയുള്ള ഹരിത ഇടനാഴികളിലൂടെയാണ് സര്‍വീസ്. മറ്റ് ട്രെയിനുകളുടെ യാത്ര തടസപ്പെടുത്താതെയുമാണ് ദൗത്യം.