മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിയാന്‍ ഇന്‍ഡസ്ട്രീസിന്‍റെ ഡയറക്ടര്‍മാരിലൊരാളാണ് ശില്‍പ്പ ഷെട്ടി. കേസില്‍ ശില്‍പ്പ ഷെട്ടിയുടെ പങ്ക് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ മുംബൈ പൊലീസ് കമ്മിഷണര്‍ മിലിന്ദ് ബരാംബെ വ്യക്തമാക്കിയിരുന്നു.
ഓഫിസുകളില്‍ പരിശോധന
രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഓഫീസുകളില്‍ ബുധനാഴ്‌ച രാത്രി പൊലീസ് പരിശോധന നടത്തിയിരുന്നു. ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്‌തു.
ഇവിടെ നിന്നാണ് വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്‌തതെന്നും വിദേശത്തേയ്ക്ക് അയച്ചതെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു. രാജ് കുന്ദ്രയുടെ ഐഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.