വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 2.51 കോടി രൂപയുെട ആസ്തിയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ ആസ്തിയുമുണ്ടെന്നാണ് വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
സ്ഥിരനിക്ഷേപമായി 1.27 കോടി രൂപയാണുള്ളത്. കൈയിൽ പണമായി 38,750 രൂപയുണ്ട്. 1.13 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ അദ്ദേഹത്തിനുണ്ട്. 1.90 ലക്ഷം രൂപയുടെ രണ്ട് ഇന്‍ഷൂറന്‍സ് പോളിസിയാണ് മോദിക്കുള്ളത്. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാര്‍ഗം. മുൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നതിനെ അപേക്ഷിച്ച് 52% സ്വത്ത് വർധിച്ചു. സ്വന്തമായി ഭൂമിയോ വാണിജ്യ കെട്ടിടങ്ങളോ ഉള്ളതായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല.
താന്‍ ബിരുദാനന്തരബിരുദം നേടിയെന്നും മോദി പത്രികയില്‍ സൂചിപ്പിക്കുന്നു. 1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. യശോദാബെൻ തന്‍റെ ഭാര്യയാണെന്നും മോദി പറയുന്നു. തനിക്കെതിരെ ഒരു ക്രിമിനല്‍ കേസും നിലവിലില്ലെന്നും നരേന്ദ്ര മോദി ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
അതേസമയം താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. ഡല്‍ഹി മുതല്‍ ഭോപ്പാല്‍ വരെ കോണ്‍ഗ്രസിന്റെ അഴിമതി വ്യക്തമാണെന്നും രാജ്യത്തെ നിയമം എല്ലാ ജനങ്ങള്‍ക്കും ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയതെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.