പത്തനംതിട്ട:ഇന്ത്യയിൽ ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന രണ്ടാമത്തെ നഗരമെന്ന പെരുമ കേട്ട പത്തനംതിട്ടയിലെ ജലസ്രോതസുകൾ മലിനമാകുന്നു. നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള സെൻറ് പീറ്റേഴ്സ് ജംഗ്ഷന് സമീപത്തുള്ള തോടിലെക്കാണ് നഗരത്തിലെ വ്യാപാരികൾ മാലിന്യം തള്ളുന്നത്. സമീപ പ്രദേശങ്ങളിൽ വീടുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളും തോടില്‍ തള്ളുന്നത് പതിവാണ്. കുമ്പഴ ഭാഗത്ത് അച്ചന്‍കോവിലാറിന്‍റെ കൈവഴികളില്‍ വ്യാപകമായി അറവുമാലിന്യങ്ങളും കടകളില്‍നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും നിക്ഷേപിക്കുന്നതും പതിവാണ്.
മാലിന്യക്കൂമ്പാരമായി പത്തനംതിട്ടയിലെ ജലസ്രോതസുകൾ - achankovil
അറവുമാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളും പുഴകളിൽ നിക്ഷേപിക്കുന്നത് വ്യാപകമാണ്.
![മാലിന്യക്കൂമ്പാരമായി പത്തനംതിട്ടയിലെ ജലസ്രോതസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3491921-thumbnail-3x2-pathanamthitta-river.jpg)
അച്ചന്‍കോവിലാറ്റില്‍ എണ്ണപ്പാട പടരുന്നത് ഇവിടെയുള്ള ജനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. വേനല്‍ക്കാലത്ത് കൈവഴികളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം മഴക്കാലമായതോടെ വെള്ളത്തോടൊപ്പം ഒലിച്ച് നദിയിലേക്ക് വരുന്നതാണ് ഇതിനുകാരണമെന്നും പ്രദേശവാസികള്‍ പറഞ്ഞു. കുമ്പഴ മുതല്‍ താഴൂര്‍ക്കടവ് വരെയുള്ള സ്ഥലത്താണ് വെള്ളത്തില്‍ എണ്ണപ്പാട കിടക്കുന്നത്. കുമ്പഴ പാലത്തിനു കീഴിലും വലഞ്ചുഴി, താഴൂര്‍, കല്ലറക്കടവിലുമാണ് എണ്ണപ്പാടയുള്ളത്.
പ്രളയത്തിന് ശേഷം ജില്ലയിലെ മിക്ക ജലസ്രോതസുകളും വറ്റിവരണ്ടു. പമ്പാനദിയും അച്ചൻകോവിലാറിലും മിക്കയിടത്തും ഇതേ അവസ്ഥയാണ്. ആറിന്‍റെ കൈവഴികൾ എല്ലാം കാടു മൂടി കിടക്കുന്നത് വെള്ളത്തിന്‍റെ സുഗമമായ ഒഴുക്കിനെ തടയുന്നുണ്ട്. ടൂറിസം രംഗത്തെയും കച്ചവടക്കാരെയും ഇത് ബാധിച്ചിട്ടുണ്ട്. ശുദ്ധവായു ലഭിക്കുന്ന ജില്ല മലിനമായ ജലാശയങ്ങളുടെ പേരിൽ പിന്നിൽ നിൽക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.