കോട്ടയം: കെഎം മാണിയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന പാലാ നിയോജക മണ്ഡലത്തില്‍ സ്ഥാനാർഥിക്കായി ചർച്ചകൾ സജീവം. കെ എം മാണിയുടെ പിൻതുടർച്ചക്കാരനായി മാണി വിഭാഗത്തിൽ നിന്ന് തന്നെയുള്ള ജനസമ്മതനായ സ്ഥാനാർഥി ഉണ്ടാവുമെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു.
പാലായുടെ മനസ് ആർക്കൊപ്പം: പിളർന്ന രണ്ടിലയില്‍ ചർച്ചകൾ - candidate
ആര് സ്ഥാനാർഥി ആകുമെന്ന് വ്യക്തമല്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന വിജയം നേടിയ യുഡിഎഫ് നേതൃത്വത്തിന് കേരളാ കോൺഗ്രസിലെ പോര് ഏറ്റവും വലിയ വെല്ലുവിളിയായേക്കും
ഇതോടെ പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിലും പിജെ ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിൽ ശക്തമായ തർക്കമുണ്ടാക്കുമെന്നുപ്പായി. നേരത്തെ കോട്ടയം ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടിരുന്ന ജോസഫ് വിഭാഗത്തിന് അത് ലഭിച്ചിരുന്നില്ല. പിന്നീട് പാർട്ടി ചെയർമാൻ സ്ഥാനവും ജോസ് കെ മാണി വിഭാഗം സ്വന്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന വിജയം ഉപതെരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്ന പ്രതീക്ഷയുള്ള യുഡിഎഫ് നേതൃത്വത്തിനാണ് കേരളാ കോൺഗ്രസിലെ പോര് ഏറ്റവും വലിയ വെല്ലുവിളിയാക്കുന്നത്. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുമ്പോട്ട് പോകുന്നുവെന്നും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കെടം വ്യക്തമാക്കി.
എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം ലക്ഷ്യം വെച്ച് മാണി വിഭാഗത്തിൽ നിന്നും ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയ നേതാക്കന്മാരും ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിൽ ഇടയുമെന്നുറപ്പാണ്. ജോയി എബ്രഹാം അടക്കമുള്ള നേതാക്കളുടെ പേരുകൾ ജോസഫ് വിഭാഗത്തിൽ നിന്നുയർന്ന് കേൾക്കുന്നുണ്ട്. നിഷാ ജോസ് കെ മാണിയെ രംഗത്തിറക്കാനുള്ള നീക്കവും ജോസ് കെ മാണി വിഭാഗത്തിൽ നടക്കുന്നതായാണ് സൂചന.