പാലക്കാട്: ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് സംഘടനയ്ക്ക് രാജിക്കത്ത് നൽകി. ആരോപണവിധേയനെ പാർട്ടി സംരക്ഷിക്കുന്നതിലും, തനിക്കൊപ്പം നിലപാടെടുത്തവരെ തരംതാഴ്ത്തിയതിലും പ്രതിഷേധിച്ചാണ് രാജി. ആരോപണവിധേയനെ സംരക്ഷിക്കുന്നവർക്കൊപ്പം തുടർന്നുപോകാനാവില്ലെന്ന നിലപാടാണ് വനിതാ നേതാവ് യോഗത്തിൽ സ്വീകരിച്ചത്.
പി കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജി സമർപ്പിച്ചു - ഷൊർണൂർ എംഎൽഎ
ആരോപണ വിധേയനെ പാർട്ടി സംരക്ഷിക്കുന്നതിലും, തനിക്കൊപ്പം നിലപാടെടുത്തവരെ തരംതാഴ്ത്തിയതിലും പ്രതിഷേധിച്ചാണ് രാജി
![പി കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജി സമർപ്പിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3579119-96-3579119-1560723846848.jpg)
പ്രായപരിധി കണക്കിലെടുത്ത് ജില്ലാ സെക്രട്ടറിയെ മാറ്റുന്നതിന്‍റെ പേരിലാണ് പാലക്കാട് ഡിവൈഎഫ്ഐ ഘടകത്തിൽ പുനസംഘടന നടന്നത്. പ്രസിഡന്‍റും സെക്രട്ടറിയും മാറിയതിനൊപ്പം, പെൺകുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ട നേതാവിനെ ജില്ലാ വൈസ് പ്രസിഡന്‍റുമാക്കി. ഒപ്പം പെൺകുട്ടിക്ക് പിന്തുണ നൽകിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തെ ജില്ലാ കമ്മറ്റിയിലേക്കും തരംതാഴ്ത്തി. ഇയാൾ സംഘടനയ്ക്ക് രാജിക്കത്ത് നൽകിയെങ്കിലും സ്വീകരിച്ചില്ല.
തരംതാഴ്ത്തൽ ഉൾപ്പെടെയുളള നടപടികള്‍ക്കെതിരെ ചെർപ്പുളശ്ശേരി, പട്ടാമ്പി, പുതുശ്ശേരി ഘടകങ്ങൾ നിലപാടെടുത്തെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് നേതൃമാറ്റം ധാരണയിലെത്തിയത്. ടി എം ശശിയാണ് പുതിയ ജില്ല സെക്രട്ടറി. പി പി സുമോദ് ജില്ലാ പ്രസിഡന്‍റുമാകും. ശശി പക്ഷത്തിന് ഡിവൈഎഫ്ഐ ഘടകത്തിൽ വീണ്ടും മേൽക്കൈ ഉറപ്പിക്കുന്നതാണ് പുനസംഘടയെന്നാണ് സൂചന. എന്നാൽ സംഘടനപരമായി സജീവമല്ലാത്ത ആളുകളെയും പ്രായപരിധി കഴിഞ്ഞ വരെയും മാത്രമാണ് ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.