തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയായ നിര്‍മ്മാണപ്രവൃത്തികളുടെ ബിൽ ട്രഷറിയിൽ നിന്ന് മാറി നൽകാത്തതിനാൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷം നിയമസഭയിൽ. നൽകാനുള്ള തുക ഈ വർഷത്തെ വിഹിതത്തിലേക്ക് മാറ്റിയതോടെ വാർഷിക പദ്ധതി പൊളിച്ചെഴുതേണ്ടി വരുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്‍റെ ഭാവനാസൃഷ്ടി മാത്രമാണ് ഇതെന്നും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി.
തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം - assembly
സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഉദാഹരണമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ മാറി നൽകാത്തതെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഉദാഹരണമാണ് തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകൾ മാറി നൽകാത്തതെന്നാരോപിച്ചാണ് പ്രതിപക്ഷം നിയമ സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പൂർത്തിയായ പദ്ധതികളുടെ പകുതിയിലധികം ബില്ലുകളും ക്യൂവിൽ ആണെന്ന് കെ സി ജോസഫ് ആരോപിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ 80 ശതമാനം ബില്ലുകളും മാറി നൽകി എന്നും 20 ശതമാനം ബില്ലുകൾ മാത്രമാണ് ഈ വർഷത്തേക്ക് മാറ്റിയിട്ടുള്ളതെന്നും അദ്ദേഹം മറുപടി നൽകി. ഈ വർഷത്തെ വാർഷിക പദ്ധതി അവതാളത്തിൽ ആക്കുന്നതാണ് സർക്കാർ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്ലാൻ ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.