ഹൈദരാബാദ്: പരിശീലനത്തിനായി പണമില്ലാത്തതിന്‍റെ പേരില്‍ ട്രാക്കിലെ ഇന്ത്യയുടെ വേഗ താരം ദ്യുതി ചന്ദ് കാര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പിനായാണ് ദ്യുതി കാര്‍ വില്‍ക്കാന്‍ നീക്കം നടത്തുന്നത്. സര്‍ക്കാരും സ്പോണ്‍സര്‍മാരും അനുവദിച്ച പണം ഉപയോഗിച്ചാണ് ഇത്രയും കാലം പരിശീലനം നടത്തിയത്. ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെച്ച സാഹചര്യത്തില്‍ താരത്തിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി. പരിശീലനം മുമ്പോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുകയാണ് ദ്യുതി. ഈ സാഹചര്യത്തിലാണ് കാര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്.
പരിശീലനത്തിന് പണമില്ല: വേഗതാരം ദ്യുതി ചന്ദ് കാര്‍ വില്‍ക്കുന്നു - ദ്യുതി ചന്ദ് വാര്‍ത്ത
കൊവിഡ് 19 കാരണം ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷം ജൂലൈ 23ലേക്ക് മാറ്റിവെച്ചതാണ് ട്രാക്കിലെ ഇന്ത്യയുടെ വേഗറാണി ദ്യുതി ചന്ദിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്
ലോക ചരിത്രത്തില്‍ ആദ്യമായാണ് ഒളിമ്പിക്സ് മാറ്റിവെക്കുന്നത്. 2021 ജൂലൈ 23നാണ് നിലവില്‍ ഒളിമ്പിക്സ് നടക്കുക. അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍റെ പുതിയ തീരുമാന പ്രകാരം 2021 ജൂലൈ അഞ്ച് വരെ ദ്യുതി ചന്ദ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ടോക്കിയോ ഒളിമ്പിക് യോഗ്യതക്കായി പരിശ്രമിക്കാം. കേന്ദ്രം കൊവിഡ് 19 ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ മെയ് 25നാണ് ദ്യുതി ചന്ദ് പരിശീലനം പുനരാരംഭിച്ചത്. നിലവില്‍ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് താരം പരിശീലനം നടത്തുന്നത്.
മലയാളി താരം കെടി ഇര്‍ഫാന്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ അത്‌ലറ്റുകളാണ് ഇതേവരെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കിയത്. നിലവില്‍ ഈ 2020 ഏപ്രില്‍ ആറ് മുതല്‍ നവംബര്‍ 30 വരെയുള്ള ആറ് മാസ കാലയളവിലെ പ്രകടനം ഒളിമ്പിക് യോഗ്യതക്കായി പരിഗണിക്കില്ല. അതിന് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ചാലെ ദ്യുതി ചന്ദ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് ഒളിമ്പിക് യോഗ്യത സ്വന്തമാക്കാനാകൂ.