ആലപ്പുഴ: എറണാകുളത്തിന് സമീപമുള്ള ജില്ല എന്ന നിലയിൽ ആലപ്പുഴയിലും നിപ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്‍റെ പ്രത്യേക നിർദേശപ്രകാരം ആലപ്പുഴ ഗവൺമെന്‍റ് ടിഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർണ സജ്ജീകരണങ്ങളുള്ള ഐസൊലേഷൻ വാർഡ്, സജ്ജമായ ഐസിയു എന്നിവ ഒരുങ്ങുകയാണ്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപമുള്ള എംപിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിശ്രമ കേന്ദ്രത്തിന് കിഴക്കുവശമുള്ള കെട്ടിടം ഐസൊലേഷൻ വാർഡ് ആക്കി മാറ്റും. ഇവിടെ താഴത്തെ നിലയിൽ ഒപിയും നിരീക്ഷണമുറിയും മുകളിലത്തെ നിലയിൽ വാർഡും സജ്ജീകരിക്കും. വേണ്ടത്ര മരുന്നുകൾ, രോഗ പ്രതിരോധ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അത്യാവശ്യഘട്ടത്തിൽ വേണ്ടത്ര ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള മുൻകരുതലും എടുത്തിട്ടുണ്ട്.
ആലപ്പുഴയിലും ജാഗ്രത; മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു - ഐസൊലേഷൻ വാർഡ്
നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്‍റെ പ്രത്യേക നിർദേശപ്രകാരം ആലപ്പുഴ ഗവൺമെന്‍റ് ടിഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർണ സജ്ജീകരണങ്ങളുള്ള ഐസൊലേഷൻ വാർഡ് ഒരുങ്ങുകയാണ്.
നിപ രോഗ ലക്ഷണം സംശയിക്കുന്ന ഏതെങ്കിലും രോഗികളെ പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ പ്രത്യേകം ഒരുക്കിയിട്ടുള്ള കേന്ദ്രത്തിലൂടെ മാത്രം പ്രവേശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പ്രാഥമിക പരിശോധനയിൽ നിപ സംശയമുണ്ടെന്ന് കണ്ടാൽ മാത്രം ഇത്തരം രോഗികളെ മറ്റുള്ളവരിൽ നിന്ന് വേർപെടുത്തി പ്രത്യേക ആംബുലൻസ് ഉപയോഗിച്ച് ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. പിന്നീടുള്ള ചികിത്സ സംസ്ഥാന ആരോഗ്യ വകുപ്പുതലത്തിൽ നൽകിയിട്ടുള്ള പ്രത്യേക പ്രോട്ടോകോൾ പ്രകാരം ആയിരിക്കും. രോഗ ചികിത്സ, രക്തം ഉൾപ്പടെയുള്ള സാമ്പിളുകൾ സ്വീകരിക്കൽ എന്നിവയ്‌ക്കെല്ലാം ഈ പ്രോട്ടോകോൾ സർക്കാർ ബാധകമാക്കിയിട്ടുണ്ട്. ജന്തുക്കളുമായി (വവ്വാൽ, പന്നി) ബന്ധപ്പെടുന്ന ആളുകൾക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുമായി അടിയന്തിരമായി സമീപിക്കുന്നതിനുള്ള ബോധവൽക്കരണം നടത്തും. മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശനം കർശനമായി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിപ വൈറസ് സംശയിക്കുന്നവരെ പ്രവേശിപ്പിച്ചാൽ എടുക്കേണ്ട മുൻകരുതൽ സംബന്ധിച്ച് മെഡിക്കൽ കോളജിലെ എല്ലാ വിഭാഗത്തിലെയും ജീവനക്കാർക്ക് പ്രത്യേക ചികിത്സാരീതികൾ പഠിപ്പിക്കാനുള്ള ആദ്യ പരിശീലനം ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്നു. നിപ രോഗികളെന്ന് സംശയിക്കുന്നവർ എത്തിയാൽ ചികിത്സ നൽകേണ്ട രീതി, ഐസൊലേഷൻ വാർഡിന്‍റെ അണുവിമുക്തമാക്കൽ, രോഗപ്പകർച്ച ഇല്ലാതാക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. ഐസൊലേഷൻ വാർഡില്‍ ധരിക്കേണ്ട ജേം സ്യൂട്ട്, ഗൂഗ്ൾ, കയ്യുറ എന്നിവ ധരിക്കുന്ന രീതി ജീവനക്കാർക്കും ഡോക്ടർമാർക്കും പരിചയപ്പെടുത്തി. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ആർവി രാംലാൽ, പ്രിൻസിപ്പാൾ ഡോ.പുഷ്പലത, വൈസ് പ്രിൻസിപ്പാള്‍ ഡോ. സൈറു ഫിലിപ്പ്, മെഡിസിൻ വിഭാഗം വകുപ്പുമേധാവി ഡോ.ഉണ്ണികൃഷ്ണൻ കർത്ത, നോഡൽ ഓഫീസർ ഡോ.ജൂബി ജോൺ, ഡോ.അനിതാ മാധവൻ, ഡോ.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. കോഴിക്കോട് നിപ ബാധിത മേഖലയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ.ബാലു ജേംസ്യൂട്ട് ഉൾപ്പടെയുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ച് തൽസമയ അവതരണം നടത്തി.