കൊച്ചി:പനിയെത്തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴുപേരില്‍ ആറുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഒരാളുടെ കൂടി പരിശോധനാഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
ആറ് പേര്‍ക്കും നിപയില്ലെന്ന് മന്ത്രി കെ കെ ശൈലജ
"ഒരാളുടെ കൂടി പരിശോധനാഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. ആശങ്കപ്പെടാന്‍ ഒന്നുമില്ല"
നിപ പ്രതിരോധത്തിന്‍റെ ഭാഗമായി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നത്. രോഗം സംശയിക്കുന്നവരുടെ ഇന്‍കുബേഷന്‍ പീരീഡ് കഴിയുന്നതുവരെ നിരീക്ഷണവും പരിശോധനയും തുടരും. നിപ രോഗിയുമായി 314 പേര്‍ ഇടപഴകിയിട്ടുള്ളതായി ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 149 പേരുമായി ആരോഗ്യവകുപ്പ് ബന്ധപ്പെട്ടുകഴിഞ്ഞുവെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗെഡ പറഞ്ഞു. നിലവില്‍ യോഗങ്ങള്‍ നടത്തുന്നതിനോ പൊതു, സ്വകാര്യ ചടങ്ങുകള്‍ നടത്തുന്നതിനോ യാത്രചെയ്യുന്നതിനോ ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു.നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികളും കര്‍ശനമാക്കി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ട്രേറ്റില്‍ അവലോകനയോഗം വിളിച്ചിട്ടുണ്ട്.