ആദായ നികുതി സ്ലാബുകളില്‍ മാറ്റം ന്യൂഡല്‍ഹി: ബജറ്റില്‍ രാജ്യത്തെ നികുതി ഘടനയിലെ സ്ലാബുകള്‍ പരിഷ്‌കരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടത്തരക്കാരെ പരിഗണിച്ചുകൊണ്ടുള്ള ആദായ നികുതി ഇളവുകളാണെന്ന് അറിയിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പുതിയ നികുതി ഘടനയില്‍ ചേരുന്നവർക്കാണ് ആദായ നികുതി ഇളവ് ലഭിക്കുക.
നിലവില്‍ പുതിയ സ്‌കീമിലുള്ളവർ ഏഴ് ലക്ഷം വരെ നികുതി നല്‍കേണ്ടതില്ല. നിലവില്‍ ഇത് അഞ്ച് ലക്ഷം വരെയായിരുന്നു. എന്നാല്‍ പഴയ സ്‌കീമില്‍ തുടരുന്നവർക്ക് നിലവിലെ സ്ലാബ് തുടരും. അവർക്ക് ഇളവുണ്ടാകില്ല.
പുതിയ സ്കീമിന്‍റെ ഭാഗമായ മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയുണ്ടാകില്ലെന്ന് ധനമന്ത്രി അറിയിച്ചു. അതേസമയം മൂന്ന് ലക്ഷം മുതല്‍ ആറ് ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് ആദായ നികുതി. ആറ് മുതല്‍ ഒമ്പത് ലക്ഷം വരെയുള്ളവര്‍ക്ക് 10 ശതമാനവും, ഒമ്പത് മുതല്‍ 12 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനവും 12 മുതല്‍ 15 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവുമാണ് ആദായ നികുതി. 15 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതിയും പരിഷ്‌കരിച്ച ആദായ നികുതിയില്‍ ഉള്‍പ്പെടുന്നു.
നികുതി സ്ലാബുകൾ ആറില്‍ നിന്ന് അഞ്ചാക്കി കുറച്ചാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്. അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമാക്കി പരിധി ഉയർത്തിയതിനാല്‍ ഫലത്തില്‍ ഏഴ് ലക്ഷം വാർഷിക വരുമാനമുള്ളവർക്ക് പുതിയ സ്കീം അനുസരിച്ച് നികുതി നല്‍കേണ്ടതില്ല.