കണ്ണൂർ: സിഒടി നസീർ വധശ്രമക്കേസിൽ സിപിഎമ്മുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പാർട്ടിയിൽ വെച്ചു പൊറുപ്പിക്കില്ലെന്ന് സംസ്ഥാന സമിതി അംഗം എംവി ഗോവിന്ദൻ മാസ്റ്റർ. എത്ര ഉന്നതനായാലും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നവർക്ക് ഒരു സംരക്ഷണവും സിപിഎം നൽകില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ തലശ്ശേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പറഞ്ഞു.
സിഒടി നസീർ വധശ്രമം: അക്രമികളെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ
പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെത്തുന്ന ഒരു പ്രതിയെയും പാർട്ടി സംരക്ഷിക്കില്ല. ഏറ്റവും വലിയ ശക്തി ജനങ്ങളാണെന്ന് തിരിച്ചറിവുള്ള പാർട്ടിയാണ് സിപിഎം എന്നും എംവി ഗോവിന്ദൻ മാസ്റ്റർ.
സിഒടി നസീറിന് നേരെ നടന്ന അക്രമത്തിൽ പാർട്ടിക്ക് പങ്കില്ല. ആരാണ് അക്രമണം നടത്തിയതെന്നും അക്രമത്തിന്‍റെ ലക്ഷ്യമെന്തെന്നും അറിയണം. അക്രമം കൊണ്ട് സിപിഎമ്മിന് യാതൊരു നേട്ടവും ഇല്ല. കൊലപാതകത്തിലൂടെയും കൊലപാതക ശ്രമങ്ങളിലൂടെയും പാർട്ടി വളരില്ലെന്ന് വ്യക്തമായി മനസിലാക്കിയ പാർട്ടിയാണ് സിപിഎം. തൃശ്ശൂർ സമ്മേളനം മുതൽ കൃത്യമായ നിലപാടാണ് സിപിഎമ്മിന് ഇക്കാര്യങ്ങളിൽ ഉള്ളത്. പെരിയ കൊലപാതകത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെത്തുന്ന ഒരു പ്രതിയെയും പാർട്ടി സംരക്ഷിക്കില്ല. ഏറ്റവും വലിയ ശക്തി ജനങ്ങളാണെന്ന് തിരിച്ചറിവുള്ള പാർട്ടിയാണ് സിപിഎം എന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ബിനോയ് കോടിയേരിക്കെതിരായ ആരോപണം വ്യക്തിപരമായ പ്രശ്നമാണ്. അതിന്‍റെ പേരിൽ പാർട്ടിയെയും സംസ്ഥാന സെക്രട്ടറിയെയും കടന്നാക്രമിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ, അഡ്വ. എഎൻ ഷംസീർ എംഎൽഎ, നേതാക്കളായ എം സുരേന്ദ്രൻ, എംസി പവിത്രൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.