ആലപ്പുഴ:പകർച്ചവ്യാധികളുടെ പ്രതിരോധം ലക്ഷ്യമാക്കി സംസ്ഥാന സർക്കാരിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം മഴക്കാല പൂർവ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആലപ്പുഴ നഗരസഭാ തല ഉദ്ഘാടനം മന്ത്രി ഡോ ടി എം തോമസ് ഐസക് നിർവഹിച്ചു.
മുതലപ്പൊഴി വീണ്ടെടുക്കാൻ ആലപ്പുഴക്കാർ കൈകോർക്കുന്നു നഗരത്തിലെ പ്രധാന തോടുകളിൽ ഒന്നായ മുതലപ്പൊഴിയും പരിസര പ്രദേശങ്ങളും വൃത്തിയാക്കി കൊണ്ടാണ് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. മുതലപ്പൊഴി കടന്നുപോകുന്ന നഗരസഭയിലെ മൂന്ന് വാർഡുകളിൽ ഒന്നായ മംഗലം വാർഡാണ് ആദ്യഘട്ടത്തിൽ ശുചീകരണത്തിനായി തെരഞ്ഞെടുത്തത്.
ആലപ്പുഴയിലെ വലുതും ചെറുതുമായ നൂറോളം കനാലുകളുടെ സംരക്ഷണത്തിനായി ജനങ്ങളെയും അയൽക്കൂട്ട അംഗങ്ങളെയും ഉദ്യോഗസ്ഥരെയും അണിനിരത്തി ജനകീയ പ്രസ്ഥാനം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടുപയോഗിച്ച് കനാലുകളിലേക്ക് കടലിൽനിന്ന് ഉപ്പുവെള്ളം പമ്പ് ചെയ്ത് കയറ്റുകയും അത് തിരിച്ചു കടലിലേക്കുതന്നെ പമ്പ് ചെയ്യാനുള്ള പദ്ധതിയെ സംബന്ധിക്കുന്ന പഠനം നടന്നുവരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി, ശുചീകരണ സന്നദ്ധ പ്രവർത്തകർക്കൊപ്പം വിവിധ പ്രദേശങ്ങളിൽ എത്തി മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണത്തിനായി അയക്കുന്ന പ്രക്രിയയിലും പങ്കാളിയായ ശേഷമാണ് മടങ്ങിയത്.