ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഫോര്‍ബ്‌സ് പുറത്തുവിട്ട ശതകേടീശ്വരന്‍മാരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഇടം പിടിച്ചത്. 84.1 ബില്യൺ ഡോളർ ആസ്‌തിയുള്ള മുകേഷ് അംബാനി ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണുള്ളത്.
83.9 ബില്യൺ ഡോളർ ആസ്‌തിയുള്ള ഗൗതം അദാനി പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമം നടത്തിയെന്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായിരുന്നു.
ഫ്രഞ്ച് ഫാഷൻ ഭീമനായ എൽഎംവിഎച്ചിന്‍റെ ബെർണാഡ് അർനോൾടും കുടുംബവുമാണ് പട്ടികയിൽ ഒന്നാമത്. 2022 ഡിസംബറിൽ ലൂയിസ് വിട്ടന്‍റെ സ്ഥാപകനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് എലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി. നിലവിലെ നഷ്‌ടം നികത്തി സ്റ്റോക്കിൽ നേട്ടമുണ്ടാക്കിയാൽ അദാനിയുടെ സ്വകാര്യ സ്വത്തും ഉയരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദാനിയുടെ ഓഹരികള്‍ ഇടിഞ്ഞത്. ഇന്ന് രാവിലെ അദാനി എന്‍റര്‍പ്രൈസസിന്‍റ ഓഹരികള്‍ ബിഎസ്ഇയിൽ 3.02 ശതമാനം ഇടിഞ്ഞ് 2,880.20 രൂപയിലെത്തി. അഞ്ച് ദിവസത്തിനുള്ളിൽ ഓഹരികളില്‍ 15 ശതമാനത്തിന്‍റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്‌തത്. അദാനി ഗ്രീൻ 3.82 ശതമാനം ഇടിഞ്ഞ് 1,177.15 രൂപയിലെത്തി. അഞ്ച് ദിവസത്തിനുള്ളിൽ ഓഹരികൾ 38 ശതമാനം ഇടിഞ്ഞു.