പാകിസ്ഥാനില്‍ നിന്നും മോചിക്കപ്പെട്ട് ഇന്ത്യൻ മണ്ണില്‍ തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ. അഭിനന്ദനെ അഭിനന്ദിച്ചും സുസ്വാഗതമോതിയുമൊക്കെ നിരവധി പേരാണ് രംഗത്ത് വരുന്നത്. മലയാളത്തിന്‍റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമെല്ലാം അഭിനന്ദൻ സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിയതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ.
അഭിന്ദനങ്ങൾ അഭിനന്ദൻ, ധീരജവാനെ സ്വാഗതം ചെയ്ത് മലയാള സിനിമാ ലോകവും - അഭിനന്ദൻ വർധമാൻ
സൂപ്പർസ്റ്റാറുകൾക്ക് പിറകെ പൃഥിരാജ്, നിവിൻ പോളി, ജയസൂര്യ, ജയറാം എന്നിവരും അഭിനന്ദന്റെ മോചനത്തിൽ സന്തോഷം പങ്കുവെയ്ക്കുകയും അഭിനന്ദനം അർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
![അഭിന്ദനങ്ങൾ അഭിനന്ദൻ, ധീരജവാനെ സ്വാഗതം ചെയ്ത് മലയാള സിനിമാ ലോകവും](https://etvbharatimages.akamaized.net/etvbharat/images/768-512-2584450-408-59b7a333-f0b4-48db-9d9d-0495b675335c.jpg)
ധീരജവാന്‍റെ മടങ്ങി വരവിന് മമ്മൂട്ടി സ്വാഗതമോതിയപ്പോൾ മാതൃഭൂമിയിലേക്ക് തിരിച്ചെത്തിയ ധീരയോദ്ധാവിന് സല്യൂട്ട് അർപ്പിക്കുകയാണ് മോഹൻലാല്‍. “ധീര ജവാനെ ഹൃദയം കൊണ്ട് വരവേൽക്കാം. അഭിനന്ദനങ്ങൾ അഭിനന്ദൻ. ശിരസ് ഉയർത്തിപ്പിടിച്ചതിന്, രാജ്യത്തിന്റെ അഭിമാനം വാനോളമെത്തിച്ചതിന്… എതിരാളിയെക്കൊണ്ട് സ്വാതന്ത്ര്യം എന്ന് പറയിച്ചതിന്,” എന്നാണ് മഞ്ജുവാര്യർ കുറിക്കുന്നത്.
വെളളിയാഴ്ച രാത്രി 9.20 ഓടെയാണ് പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ അകമ്പടിയോടെ അഭിനന്ദനെ വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെത്തിയ അഭിനന്ദനെ ബിഎസ്എഫ് ഏറ്റുവാങ്ങി. റെഡ് ക്രോസിന്‍റെ മെഡിക്കൽ പരിശോധനകളടക്കമുള്ള നിരവധി നടപടിക്രമങ്ങൾക്കും പ്രോട്ടോകോളുകൾക്കും പിന്നാലെയാണ് സൈനികനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. എയർ വൈസ് മാർഷൽസ്-ആർ.ജി.കെ കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവർ അഭിനന്ദനെ സ്വീകരിക്കാൻ എത്തിയിരുന്നു.