മലപ്പുറം:തെരഞ്ഞെടുപ്പ് ആവേശം വാനോളമുയര്‍ത്തി വടകര, പൊന്നാനി മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായി പ്രവാസി വിമാനങ്ങള്‍ കരിപ്പൂരിലിറങ്ങി. ദുബായ് - കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തിലാണ് നൂറ്റിയമ്പതിലധികം പ്രവാസികള്‍ എത്തിയത്. ടീ ഷര്‍ട്ടുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും ലഗേജുകളില്‍ ഇഷ്ട ചിഹ്നങ്ങളുമായി വിമാനമിറങ്ങുമ്പോള്‍ അലങ്കരിച്ച വാഹനങ്ങളുമായി അവരെ സ്വീകരിക്കാന്‍ കുടുംബങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയിരുന്നു. ഇ ടിയ്ക്കൊരു വോട്ട് രാഹുലിനൊരു കൂട്ട് എന്ന മുദ്യവാക്യങ്ങള്‍ എഴുതിയ ടീ ഷര്‍ട്ടും ലഗേജുകളുമായാണ് പ്രവാസികള്‍ എത്തിയത്.
തെരഞ്ഞെടുപ്പ് ആവേശം വാനോളം; പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തി
വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി എണ്‍പതിനായിരത്തിലേറെ പ്രവാസി മലയാളികള്‍ക്കാണ് വോട്ടവകാശമുള്ളത്.
അജ്മാന്‍ കെ.എം.സി.സിയുടെ (കേരള മുസ്ലിം കള്‍ച്ചറള്‍ സെന്‍റര്‍) നേതൃത്വത്തിലാണ് വടകര, പൊന്നാനി മണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രവാസി പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയത്. പ്രവാസികളെ സ്വീകരിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലിനൊപ്പം എം.എസ്.എഫ് ദേശീയ സെക്രട്ടറി ഇ.ഷമീര്‍, ഇസ്മായില്‍ എളമഠത്തില്‍ തുടങ്ങി നിരവധി പ്രവര്‍ത്തകരുമുണ്ടായിരുന്നു.
സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനാണ് പ്രവാസികളെത്തുന്നതെന്ന് പത്മജ പറഞ്ഞു. വീട്ടിലേക്കല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങുകയണ് ലക്ഷ്യമെന്ന് പ്രവാസികളായ സൂപ്പി പാതിരപ്പറ്റ, അന്‍വര്‍, അബു കിഴക്കേതില്‍ എന്നിവര്‍ പറഞ്ഞു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി എണ്‍പതിനായിരത്തിലേറെ പ്രവാസി മലയാളികള്‍ക്കാണ് വോട്ടവകാശമുള്ളത്. പരമാവധി വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വിവിധ മലയാളി സംഘടനകള്‍. പ്രവാസി വോട്ടര്‍മാരെ ചേര്‍ക്കാന്‍ ഗള്‍ഫ് നാടുകളിലെ വിവിധ സംഘടനകളാണ് മുന്‍കൈ എടുത്ത് ഇവരെ മണ്ഡലത്തിലെത്തിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഇവര്‍ക്ക് സൗജന്യ ടിക്കറ്റും ഇളവുകളും സംഘടനകള്‍ വാഗ്ദാനം ചെയ്തിരുന്നു.