ആലപ്പുഴ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്‌പാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ഐസൊലേഷൻ വാർഡിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അജാസിന്‍റെ ബോധം പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ട്. ഏകദേശം നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസിന്‍റെ ഹൃദയമിടിപ്പും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
സൗമ്യ വധം: അജാസിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം
ഏകദേശം നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസിന്‍റെ ഹൃദയമിടിപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ഇരു വൃക്കകളുടെയും പ്രവർത്തനം ഏറെക്കുറെ നിലച്ച സ്ഥിതിയാണ്. കുറഞ്ഞ രക്തസമ്മർദം പ്രകടമാക്കിയതിനാൽ ഡയാലിസിസ് നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മൂത്രതടസ്സവുമുണ്ടെന്നാണ് അജാസിനെ പരിശോധിക്കുന്ന ഡോക്‌ടർമാരിൽ നിന്നും ലഭ്യമായ വിവരം. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനാൽ പ്രതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. അജാസിന്‍റെയും സൗമ്യയുടെയും മൊബൈൽ ഫോൺ കോൾ വിശദാംശങ്ങൾ നേരത്തെ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കൊലപാതകം നടത്താനായി അജാസ് എറണാകുളത്ത് നിന്ന് വള്ളിക്കുന്നത്തേക്ക് സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. അതേസമയം അജാസിനെ സസ്പെൻഡ് ചെയ്തതായി എറണാകുളം റൂറൽ പൊലീസ് മേധാവി കെ കാർത്തിക് അറിയിച്ചു. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകത്തിൽ അജാസിന്‍റെ പങ്കിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തി, തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.