ലണ്ടന്‍: എമിറേറ്റ്സ് സ്റ്റേഡിയത്തിലെ പുല്‍നാമ്പുകളെ തീപിടിപ്പിച്ച പോരാട്ട വിജയത്തിലൂടെ വർഷങ്ങൾ നീണ്ട മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാത്തിരിപ്പിന് വിരാമം. പിഎസ്ജിക്കെതിരെ രണ്ടാം പാദ സെമി ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച സിറ്റി ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. ഇരട്ട ഗോളുമായി തിളങ്ങിയ അള്‍ജീരിയന്‍ വിങ്ങര്‍ റിയാന്‍ മെഹ്‌റസാണ് ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ സിറ്റിയുടെ രക്ഷകനായത്.
ആദ്യപകുതിയിലാണ് മെഹ്‌റസ് സിറ്റിക്കായി അക്കൗണ്ട് തുറന്നത്. കെവിന്‍ ഡിബ്രുയിന്‍റെ ഷോട്ട് പിഎസ്‌ജിയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പിന്നാലെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മെഹ്‌റസ് അഡ്വാന്‍സ് ചെയ്‌ത് പന്ത് വലയിലെത്തിച്ചു. പ്രതിരോധിക്കാന്‍ ശ്രമിച്ച ഗോളി കെയ്‌ലര്‍ നവാസിന്‍റെ ശ്രമങ്ങള്‍ വിഫലമായി.
രണ്ടാം പകുതിയില്‍ മെഹ്‌റസ് വീണ്ടും വല കുലുക്കി. ഇത്തവണ ഇംഗ്ലീഷ് ഫോര്‍വേഡ് ഫില്‍ ഫോഡന്‍ ഇടത് വിങ്ങില്‍ നിന്നും തൊടുത്ത അസിസ്റ്റിലൂടെയാണ് മെഹ്‌റസ് പന്ത് വലയിലെത്തിച്ചത്. ചാമ്പ്യന്‍സ് ലീഗിന്‍റെ ഏഴ് പതിറ്റാണ്ടിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് സിറ്റി കലാശപ്പോരിന് യോഗ്യത നേടുന്നത്. പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പിഎസ്‌ജിയുടെ പടക്കുതിരകള്‍ക്ക് അടിപതറി. പ്രഥമ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് മുന്നേറിയ ഇരു ടീമുകളും നടത്തിയത് ജീവന്‍മരണ പോരാട്ടമാണ്.
പരിക്കിനെ പോലും വകവെക്കാതെ പിഎസ്‌ജിക്കായി ബ്രസീലിയന്‍ സൂപ്പര്‍ ഫോര്‍വേഡ് നെയ്‌മര്‍ സിറ്റിയുടെ ഗോള്‍മുഖത്തേക്ക് മുന്നേറിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മകള്‍ തിരിച്ചടിയായി. ഫ്രഞ്ച് ലോകകപ്പ് ജേതാവ് കിലിയന്‍ എംബാപ്പെയുടെ അഭാവമായിരുന്നു പ്രധാന പോരായ്‌മ. എംബാപ്പെയെ പുറത്തിരുത്തിയാണ് പരിശീലകന്‍ പൊച്ചെറ്റീന്യോ ആദ്യ ഇലവനെ കളത്തിലിറക്കിയത്. പ്രതിസന്ധി ഘട്ടത്തില്‍ എംബാപ്പെയെ പകരക്കാരനായി ഇറക്കാനുള്ള ശ്രമം പോലും അര്‍ജന്‍റീനന്‍ പരിശീലകന്‍റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
സിറ്റി അഞ്ച് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തപ്പോള്‍ പിഎസ്‌ജിക്ക് ലക്ഷ്യത്തിന് അടുത്തേക്ക് എത്താന്‍ പോലും സാധിച്ചില്ല. ആദ്യ പകുതില്‍ സിറ്റിക്കെതിരെ പെനാല്‍ട്ടി അപ്പീല്‍ നടത്തിയെങ്കിലും വാറിലൂടെ റഫറി അത് നിഷേധിച്ചു. രണ്ടാം പകുതിയില്‍ അര്‍ജന്‍റീനന്‍ മിഡ്‌ഫീല്‍ഡര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും പിഎസ്‌ജിക്ക് തിരിച്ചടിയായി. തുടര്‍ന്ന് 10 പേരുമായാണ് സന്ദര്‍ശകര്‍ മത്സരം പൂര്‍ത്തിയാക്കിയത്. കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ 27 ഫൗളുകളാണ് ഉണ്ടായത്. സിറ്റിക്ക് രണ്ടും പിഎസ്‌ജിക്ക് നാലും യെല്ലോ കാര്‍ഡുകള്‍ ലഭിച്ചു. നേരത്തെ പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ സിറ്റി 2-1ന് ജയിച്ചിരുന്നു.