കേരളം

kerala

ETV Bharat / briefs

ബംഗാളിൽ ഇടത് അനുഭാവികൾ ബിജെപിക്ക് വോട്ട് ചെയ്തു; തുറന്ന് പറച്ചിലുമായി സിപിഎം - തെരഞ്ഞെടുപ്പ്

തൃണമൂൽ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അടിച്ചമർത്തലും ഭീകരതയും മറികടക്കുക മാത്രമായിരുന്നു വോട്ടർമാരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

cpm

By

Published : Jun 5, 2019, 2:10 PM IST

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ ഇടത് അനുഭാവികളിൽ ഭൂരിഭാഗവും ബിജെപിക്ക് വോട്ട് ചെയ്തെന്ന് തുറന്ന് സമ്മതിച്ച് സിപിഎം. ഇടത് വോട്ടര്‍മാര്‍ കൂട്ടത്തോടെ ബിജെപിയെ പിന്തുണച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

1977 മുതൽ 2011 വരെ ഇടത് സർക്കാർ അധികാരത്തിലിരുന്ന പശ്ചിമബംഗാളിൽ ഇടത് വോട്ടുകൾ ബിജെപിക്ക് പോയെന്ന് ഇതാദ്യമായാണ് ഒരു സിപിഎം നേതാവ് സമ്മതിക്കുന്നത്. ബംഗാളിൽ ഇത്തവണ ബിജെപി 18 സീറ്റുകൾ നേടി. ഇത് ബിജെപി ബംഗാളിൽ നേടിയ എക്കാലത്തെയും മികച്ച വിജയമാണ്.

തൃണമൂൽ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അടിച്ചമർത്തലും ഭീകരതയും മറികടക്കുക മാത്രമായിരുന്നു വോട്ടർമാരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മതേതര നിലപാട് സംരക്ഷിക്കണം എന്നാഗ്രഹിക്കുന്ന ഇടതുപക്ഷ വിശ്വാസികൾ ഇത്തവണ തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്തു. ഇത് തൃണമൂലും ബിജെപിയും ഉണ്ടാക്കിയ ധ്രുവീകരണത്തിന്‍റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സിപിഎം പാർട്ടി അംഗങ്ങളാരും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും അനുഭാവികൾ മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് സമയത്ത് നാല് തവണ യെച്ചൂരി ബംഗാളിൽ എത്തിയിരുന്നു. ' ഇത്തവണ രാമന് വോട്ട്, ഇടതിന് പിന്നീട് ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കേട്ടിരുന്നുവെന്നും ആരാണ് ഇതിന് പിന്നിലെന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യം യാഥാർഥ്യമാകാത്തതല്ല, തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ വിളിച്ചുചേർത്ത സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു യെച്ചൂരി.

ABOUT THE AUTHOR

...view details