ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്‌മാന്‍റെ പരാജയം സംബന്ധിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച കെ വി തോമസ് സമിതി ജില്ലയിലെത്തി. കെ വി തോമസിനെ കൂടാതെ എഐസിസി സെക്രട്ടറി പി സി വിഷ്‌ണുനാഥ്, മുതിർന്ന കോൺഗ്രസ് നേതാവ് കെ ടി കുഞ്ഞിക്കണ്ണൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. രാവിലെ 11 മണിയോടെ ആലപ്പുഴ ഡിസിസി ഓഫീസിൽ എത്തിയ അന്വേഷണ സംഘം ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു, ഡിസിസി സെക്രട്ടറിമാർ, ബ്ലോക്ക് - മണ്ഡലം ഭാരവാഹികൾ, മറ്റ് അംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി. എന്നാൽ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. ഷാനിമോൾ ഉസ്‌മാന്‍ സമിതിക്ക് മുമ്പാകെ ഹാജരായില്ല.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പരാജയം: കെ വി തോമസ് സമിതി തെളിവെടുപ്പ് നടത്തി - കെ വി തോമസ് സമിതി
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. ഷാനിമോൾ ഉസ്‌മാന്‍ സമിതിക്ക് മുമ്പാകെ ഹാജരായില്ല.
തെരഞ്ഞെടുപ്പ് പരാജയത്തിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച ഷാനിമോൾ തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി സംഘടനാ കമ്മിറ്റികളിൽ നിന്ന് വിട്ട് നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരത്ത് ചേർന്ന കെപിസിസി യോഗത്തിൽ നിന്നും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആലപ്പുഴയിൽ ചേർന്ന ഡിസിസി നേതൃയോഗത്തിൽനിന്നും ഷാനിമോൾ വിട്ടുനിന്നത് പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. ഷാനിമോളുടെ പരാജയത്തിൽ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജുവിനും ആലപ്പുഴ മുന്‍ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാലിനും ഉത്തരവാദിത്തമുണ്ടെന്ന വാദവുമായി ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യവും സമിതിയുടെ അന്വേഷണ പരിധിയിൽ വരും.
തെരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച് പരസ്യമായ പ്രതികരണങ്ങൾക്ക് നിൽക്കേണ്ടതില്ലെന്നാണ് കെപിസിസിയില്‍ നിന്നും ജില്ലയിലെ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ച നിര്‍ദേശം. വരാനിരിക്കുന്ന അരൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണ്. പരസ്‌പരമുള്ള പഴിചാരൽ നിലവിൽ കോൺഗ്രസിന്‍റെ കെട്ടുറപ്പിനെ ബാധിക്കും. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കോൺഗ്രസ് നേതാക്കൾക്കിടയിൽ പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തിയത്. സമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം ഇരുപത്തിയൊന്നിന് വീണ്ടും ആലപ്പുഴയിൽ ചേരും.