കോട്ടയം: കേരളാ കോൺഗ്രസ് എം പിളർപ്പിന് പിന്നാലെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടും രണ്ട് തട്ടിലേക്കെന്ന് സൂചനകൾ. തിരുവനന്തപുരത്ത് നടത്താനിരുന്ന യൂത്ത്ഫ്രണ്ടിന്‍റെ 49-ാമത് ജന്മദിനസമ്മേളനത്തിലാണ് വിഭാഗീയത. ഇരുവിഭാഗങ്ങളും തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലായാണ് ജന്മദിനസമ്മേളനം നടത്തുന്നത്. തിരുവനന്തപുരത്ത് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍റെ നേതൃത്വത്തിൽ നടക്കുന്ന ജന്മദിനാഘോഷത്തിൽ പിജെ ജോസഫ്, ജോയി എബ്രഹാം, സിഎഫ് തോമസ് അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. അതേസമയം കോട്ടയത്ത് യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോസഫ് സൈമണിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും. പാർട്ടി രണ്ട് തട്ടിലായതിന് പിന്നാലെ പോഷക സംഘടനകളിലും വിഭാഗീയത ഉടലെടുത്തു എന്നതിന്‍റെ സൂചനയാണ് ഇത് നൽകുന്നത്.
യൂത്ത് ഫ്രണ്ട് എം ജൻമദിനസമ്മേളനം രണ്ടിടത്ത്; പാർട്ടി പിളർപ്പിന് പിന്നാലെ പോഷക സംഘടനകളിലും വിഭാഗീയതയെന്ന് സൂചന - jose k mani
തിരുവനന്തപുരത്ത് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പൻ നേതൃത്വത്തിൽ നടക്കുന്ന ജന്മദിനാഘോഷത്തിൽ പിജെ ജോസഫ് ഉദ്ഘാടനം ചെയ്യും.
പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായിരുന്ന സമയത്ത് വ്യക്തമായ നിലപാട് എടുക്കാതിരുന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പൻ കോട്ടയത്തെ സമാന്തര സംസ്ഥാന കമ്മിറ്റിയിൽ ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതിന് പിന്നാലെ ജോസഫ് പക്ഷത്തോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇത് ജോസ് കെ മാണി പക്ഷത്തിന് വിരോധമുണ്ടാക്കിയിരുന്നു. ഇതോടെയാണ് തിരുവനന്തപുരത്ത് നടത്താനിരുന്ന 49-ാമത് ജന്മദിനാഘോഷം രണ്ടായത്. വരും ദിവസങ്ങളിൽ മറ്റ് പോഷക സംഘടനകളും ഗ്രൂപ്പ് തിരിഞ്ഞ് യോഗം ചേരുമെന്നാണ് സൂചന.