പാലാ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിക്ക് ജന്മനാട്ടില്‍ അന്ത്യവിശ്രമം. ഒരു നാടിന്‍റെ മുഴുവന്‍ ബഹുമതിയും സ്നേഹാദരവും ഏറ്റു വാങ്ങി ധീരയോദ്ധാവിനെ പോലെയായിരുന്നു പാലാക്കാരുടെ സ്വന്തം മാണിസാറിന്‍റെ മടക്കം. പാലാ കത്തീഡ്രല്‍ പള്ളിയിലെ 126ആം നമ്പര്‍ കല്ലറയിലാണ് കെ എം മാണി അന്ത്യവിശ്രമം കൊള്ളുന്നത്. ഭൗതിക ശരീരം സംസ്കരിക്കനായി കൊണ്ടു പോവുമ്പോഴും അനുയായികളും നാട്ടുകാരും കക്ഷിഭേദമെന്യേ ഏറ്റുവിളിച്ചു, ഇല്ലാ ഇല്ലാ മരിക്കില്ല, കെ എം മാണി മരിക്കില്ലാ..... രക്തസാക്ഷികള്‍ക്ക് നല്‍കുന്ന ധീരമുദ്രവാക്യം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.
കെ എം മാണിക്ക് പാലായുടെ മണ്ണില്‍ അന്ത്യവിശ്രമം - പാലാ
പാലാ കത്തീഡ്രല്‍ പള്ളിയിലെ 126ആം നമ്പര്‍ കല്ലറയില്‍ പാലാക്കാരുടെ സ്വന്തം മാണി സാറിന് അന്ത്യവിശ്രമം
മരണവാര്‍ത്ത പുറത്ത് വന്നത് മുതല്‍ ആയിരങ്ങളാണ് ആശുപത്രിയിലും വഴിയിലുട നീളവും മാണിയെ കാണാന്‍ കാത്തു നിന്നത്. മൂന്നര മണിക്കൂര്‍ കൊണ്ട് എത്തേണ്ട വിലാപയാത്ര 21 മണിക്കൂര്‍ നീണ്ടു. കരിങ്ങോഴിക്കല്‍ വീട്ടില്‍ നിന്നും സംസ്കാരം നടന്ന പാല സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് അഞ്ച് മിനിട്ട് യാത്രയെ ഉള്ളൂവെങ്കിലും അവിടെയെത്താനും എടുത്തു ഒരു മണിക്കൂറിലധികം. കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവയുടെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്ക്കാര ചടങ്ങ്. ലത്തിൻ കത്തോലിക്ക സഭ പരമാധ്യക്ഷൻ മാർ സൂസെപാക്യം, മാർ ജോസഫ് കല്ലറങ്ങാട്ടും സഹകാർമികത്വം വഹിച്ചു. കേരള രാഷ്ട്രീയത്തിലെ ചാണക്യന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മതസാംസ്കാരിക നേതാക്കള്‍, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, ഭരണ പ്രതിപക്ഷ നേതാക്കള്‍, വിവിധ കക്ഷി നേതാക്കള്‍, സിനിമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും എത്തി.