തിരുവനന്തപുരം:ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്നലെ വ്യാപാരം തുറന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്ഷേപവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മുഴക്കിയത് കേരളത്തെ പണയപ്പെടുത്തുന്നതിനും കടത്തിൽ മുക്കുന്നതിനുമുള്ള മണിനാദമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട വലിയ അഴിമതികളിൽ ഒന്നിന്‍റെ മണിനാദം കൂടിയാണ് ഇന്നലെ ഉണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി ലണ്ടനില്‍ മുഴക്കിയത് അഴിമതിയുടെ മണിനാദം: രമേശ് ചെന്നിത്തല - മസാല ബോണ്ട്
"മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മുഴക്കിയത് കേരളത്തെ പണയപ്പെടുത്തുന്നതിനും കടത്തിൽ മുക്കുന്നതിനുമുള്ള മണിനാദം"
2150 കോടിയുടെ മസാല ബോണ്ടുകൾ വാങ്ങിയത് എസ്എൻസി ലാവലിൻ കമ്പനിയെ നയിക്കുന്ന കനേഡിയൻ ഫണ്ടിങ് ഏജൻസിയായ സി ഡി പി ക്യുവാണെന്നത് ഞെട്ടലോടെയാണ് കേരളം തിരിച്ചറിഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു. ഈ ഇടപാടിൽ അടിമുടി ദുരൂഹത നിറഞ്ഞുനിൽക്കുകയാണ്. സത്യം മറച്ചു വെക്കുന്നതിനായി ഒന്നിനുമേൽ മറ്റൊന്ന് എന്ന നിലയിൽ കള്ളങ്ങൾ നിരത്തുകയാണ്. ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തിനായിരുന്നു ഇത്രയേറെ നുണകൾ സർക്കാരും കിഫ്ബിയും പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും എസ്എൻസി ലാവലിനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ലാവലിൻ അഴിമതി കേസിൽ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്താണ്. ഈ പശ്ചാത്തലത്തിൽ ഈ ഇടപാടിന് പിന്നിലെ യഥാർഥ്യം ഇനിയെങ്കിലും സർക്കാർ വ്യക്തമാക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.