കേരളം

kerala

ETV Bharat / briefs

വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയുടെ പുണ്യം തേടി വിശ്വാസികൾ - first friday

റമാദാനിലെ ആദ്യത്തെ പത്തിലെ ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്ന്. പള്ളികളെല്ലാം വിശ്വാസികളെ കൊണ്ട് നിറഞ്ഞു

ramadan

By

Published : May 10, 2019, 5:31 PM IST

Updated : May 10, 2019, 7:30 PM IST

കൊച്ചി: വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയുടെ പുണ്യം തേടി വിശ്വാസികൾ. വൻ ജനാവലിയാണ് കൊച്ചിയിലെ വിവിധ പള്ളികളിലേക്ക് ഒഴുകിയെത്തിയത്. ജുമുഅ നമസ്കാരത്തിലും ഖുതുബ പ്രഭാഷണത്തിലും (വെള്ളിയാഴ്ച പ്രാര്‍ഥനയിലെ പ്രത്യേക പ്രസംഗം) വിശ്വാസികള്‍ പങ്കുചേർന്നു.

വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയുടെ പുണ്യം തേടി വിശ്വാസികൾ

പുണ്യങ്ങളുടെ പൂക്കാലമായി വിശ്വാസികൾ കരുതുന്ന, വിശുദ്ധ റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നാണ് ആദ്യത്തെ വെള്ളിയാഴ്ച . ആത്മീയമായ ആവേശവും കാരുണ്യത്തിനു വേണ്ടിയുള്ള പ്രാർഥനകളുമാണ് വിശ്വാസികളിൽ നിറഞ്ഞുനിന്നതെന്ന് എറണാകുളം തോട്ടത്തുംപടി ജുമുഅ മസ്ജിദ് ഖത്തീബ് അബ്ദുൽ സലാം സഖാഫി പറഞ്ഞു.

റമാദനിലെ മുപ്പത് ദിനങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തെ പത്ത് കാരുണ്യത്തിന്‍റെ പത്തെന്നും രണ്ടാമത്തെ പത്ത് പാപമോചനത്തിന്‍റെ പത്തെന്നും മൂന്നാമത്തെ പത്ത് നരകമോചനത്തിന്‍റെ പത്തെന്നുമാണ് വിശ്വാസം. മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ മാസമെന്നും റമാദനെ വിശേഷിപ്പിക്കപ്പെടുന്നു.

അന്നപാനീയങ്ങൾ പൂർണമായും വെടിഞ്ഞ് മനസ്സിനെയും ശരീരത്തെയും സൃഷ്ടാവിന്റെ പ്രീതിക്കായി സമർപ്പിക്കുക എന്നതാണ് റമദാൻ വ്രതത്തിന്റെ കാതലായ വശം. വെറും അന്നപാനിയങ്ങള്‍ മാത്രം വെടിഞ്ഞ് അനുഷ്ഠിക്കുന്ന വ്രതം സ്വീകരിക്കപ്പെടില്ലെന്നും തെറ്റായ കാര്യങ്ങളില്‍ നിന്നും അകന്ന് മനസിനെ ശുദ്ധീകരിച്ചാല്‍ മാത്രമേ വ്രതം സ്വീകരിക്കപ്പെടുകയുള്ളുവെന്നും പ്രവാചക വചനങ്ങളില്‍ കാണാം.

ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസത്തിൽ ഖുർആൻ പാരായണത്തിനും ദാനധർമ്മങ്ങൾക്കും വിശ്വാസികൾ കൂടുതല്‍ പ്രാധാന്യം നൽകുന്നു. പ്രതികൂലമായ കാലാവസ്ഥയിലും കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ വിശ്വാസികൾ എല്ലാവരും നോമ്പനുഷ്ഠിക്കുകയാണ്. സമൂഹത്തിലെ പട്ടിണിപ്പാവങ്ങളുടെ ജീവിതാവസ്ഥയെ, തങ്ങളുടെ സമൃദ്ധി കൾക്കിടയിൽ അനുഭവിച്ചറിയാനുള്ള അവസരമാണ് റമദാന്‍ വ്രതം ഓരോ വിശ്വാസിക്കും. അതോടൊപ്പം വികാരവിചാരങ്ങളെ നിയന്ത്രിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിലൂടെ, വരുംകാല ജീവിതത്തെ നന്‍മയിലൂടെ നയിക്കുക കൂടിയാണ് ചെയ്യുന്നത്. പിന്നീടുള്ള മാസങ്ങളിലേക്കുള്ള പരിശീലന കാലമായാണ് റമാദാന്‍ മാസത്തെ ഇസ്ലാം വിഭാവനം ചെയ്യുന്നത്. റമദാന്‍ മാസത്തില്‍ നിന്നും ഒരാള്‍ നേടുന്ന പവിത്രത മറ്റു മാസങ്ങളിലേക്ക് കൂടി പ്രയോജനപ്പെടുത്തുമ്പോഴാണ് റമാദാന്‍റെ സന്ദേശം പൂര്‍ണമാവുക.

Last Updated : May 10, 2019, 7:30 PM IST

ABOUT THE AUTHOR

...view details