കൊല്ലം:ഇലക്ഷൻ ഡ്യൂട്ടിക്കായി കേരളത്തിൽനിന്ന് ഹരിയാനയിൽ എത്തിയ പൊലീസുകാരന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസുകാരനായ കൊല്ലം സ്വദേശി വിഷ്ണു ആണ് അപകടത്തിൽപ്പെട്ടത്. നൈറ്റ് പട്രോളിങ്ങിനിടെ കൈകാണിച്ച കാർ അമിതവേഗതയിൽ എത്തി വിഷ്ണുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം ഇ.ടിവി ഭാരത്തിന് ലഭിച്ചു. പരിക്കേറ്റ വിഷ്ണുവിനെ ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ പഞ്ചഗുള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് ഇടതുകാലിന് പൊട്ടലും മുഖത്തും പരിക്കുകളുണ്ട്.
EXCLUSIVE: ഹരിയാനയിൽ ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനെ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു - ഹരിയാന
അന്വേഷണം അട്ടിമറിക്കാൻ നീക്കം എന്ന് സൂചന. അപകട ദൃശ്യം ഇടിവി ഭാരതിന് ലഭിച്ചു
അതേസമയം, അപകടം നടന്നിട്ടും കാര്യമായ അന്വേഷണം നടത്താതെ സംഭവം ഒതുക്കി തീർക്കാനുള്ള നീക്കമാണ് നടക്കുന്നത്. നിർത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതുവരെയും തുടങ്ങിയിട്ടില്ല. എഫ്ഐആറിൽ കാലിന് പൊട്ടലുണ്ടെന്ന കാര്യം ബോധപൂർവ്വം ഒഴിവാക്കി എന്ന് വിഷ്ണു ഇ ടിവി ഭാരതിനോട് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണു ട്രെയിൻ മാർഗം ഇന്ന് നാട്ടിലേക്ക് തിരിക്കും. വ്യോമ മാർഗ്ഗം നാട്ടിലെത്താനുള്ള സാഹചര്യമൊരുക്കിയില്ലെന്ന് മാത്രമല്ല ട്രെയിനിൽ റിസർവേഷൻ പോലും നൽകാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായില്ല. ഏപ്രിൽ 15നാണ് വിഷ്ണു ഉൾപ്പെടെ 81 അംഗ സംഘം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കേരളത്തിൽ നിന്ന് യാത്രതിരിച്ചത്. സംസ്ഥാനത്തിന് പുറത്ത് ഇത്തരത്തിൽ ഡ്യൂട്ടിക്ക് പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മോശം പരിഗണനയാണ് നൽകുന്നത് എന്ന ആക്ഷേപം നിലനിൽക്കെയാണ് ഇപ്പോഴത്തെ ഈ സംഭവം.