കേരളം

kerala

ETV Bharat / briefs

ജോസഫിനെ ചെയര്‍മാനായി തെരഞ്ഞെടുത്തെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് - P J Joseph

കേരള കോണ്‍ഗ്രസ് മാണി വിഭാഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക്.

kk

By

Published : May 29, 2019, 1:39 PM IST

കോട്ടയം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി പി ജെ ജോസഫിനെ തെരഞ്ഞെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത്. പാർട്ടി ജനറൽ സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നൽകിയിരിക്കുന്നത്. കെ എം മാണി മരിച്ചതോടെ വർക്കിങ് ചെയർമാനായിരുന്ന ജോസഫിനെ പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനായി തെരഞ്ഞെടുക്കുന്നുവെന്ന് കത്തില്‍ പറയുന്നു. ഇതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പാര്‍ട്ടിയില്‍ കൂടുതല്‍ നേതൃസ്ഥാനങ്ങള്‍ നേടിയെടുക്കാമെന്നുള്ള മാണി വിഭാഗത്തിന്‍റെ മോഹങ്ങള്‍ക്കാണ് പുതിയ സംഭവവികാസങ്ങള്‍ തിരിച്ചടിയായിരിക്കുന്നത്.

ജോയ് എബ്രഹാമിനെ തങ്ങളുടെ പക്ഷത്ത് എത്തിക്കാനായത് തന്ത്രപരമായ നേട്ടമായി ജോസഫ് വിഭാഗം വിലയിരുത്തുന്നു. ജോയ് എബ്രഹാമിന്‍റെ നീക്കത്തിലൂടെ നേതൃസ്ഥാനത്തേക്ക് ചുവടുവെക്കുന്ന ജോസഫ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജോസ് കെ മാണി കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്. വിഭാഗീയത തുടരുകയാണെങ്കില്‍ ജോസ് കെ മാണിക്കും കൂട്ടര്‍ക്കും പാര്‍ട്ടി വിട്ടുപോകാം എന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതായാണ് സൂചന. പി ജെ ജോസഫ് നേതൃസ്ഥാനം കയ്യടക്കിയതോടെ പാർട്ടിയിൽ ജോസ് കെ മാണി വിഭാഗം വിമതപക്ഷമായി മാറിയിരിക്കുകയാണ്.

ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും മറുപക്ഷത്ത് നില്‍ക്കുന്നതിനാല്‍ പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എം അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും. സി എഫ് തോമസും മോന്‍സ് ജോസഫുമടക്കം മൂന്ന് എംഎല്‍എമാരുടെ പിന്തുണയും ജോസഫ് വിഭാഗത്തിനുണ്ട്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കില്ലെന്ന് ജോസഫ് ആവര്‍ത്തിക്കുന്നത്. ജോസഫിന്‍റെ നീക്കങ്ങളെ ജോസ് കെ മാണി എങ്ങനെ പ്രതിരോധിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ABOUT THE AUTHOR

...view details