മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്ക ഭീതിയില്ലാതെ കാസര്‍കോട്
മൂന്നാംഘട്ട രോഗ വ്യാപനം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത് മുപ്പത് ദിവസമാകുമ്പോൾ സമ്പർക്കത്തിലൂടെ ജില്ലയില്‍ രോഗബാധയുണ്ടായത് ഏഴ് ശതമാനം പേർക്ക് മാത്രം.
കാസര്‍കോട്: കൊവിഡ് കേസുകൾ നാൾക്കുനാൾ വർധിക്കുമ്പോഴും സമ്പർക്ക ഭീതിയില്ലാതെ കാസർകോട് ജില്ല. രണ്ടാംഘട്ട രോഗവ്യാപനത്തിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽ 50 ശതമാനത്തിനടുത്ത് ആളുകൾക്ക് രോഗം പിടിപ്പെട്ടത് സമ്പർക്കത്തിലൂടെയാണ്. എന്നാൽ മൂന്നാംഘട്ട രോഗ വ്യാപനം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത് മുപ്പത് ദിവസമാകുമ്പോൾ സമ്പർക്കത്തിലൂടെ ജില്ലയില്‍ രോഗബാധയുണ്ടായത് ഏഴ് ശതമാനം പേർക്ക് മാത്രം. ഇത് ഏറെ ആശ്വാസം പകരുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. മൂന്നാം ഘട്ടത്തിൽ ഇതുവരെ 160 പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ 11 പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടത്. കോടോംബേളൂരിൽ ചക്കവീണ് പരിക്കേറ്റയാൾക്ക് കൊവിഡ് പിടിപെട്ടത് മാത്രമാണ് ഉറവിടം വ്യക്തമാകാത്ത ജില്ലയിലെ സംഭവം. അതേസമയം ഇയാളുടെ സമ്പർക്കത്തിലുള്ളവരെ വേഗത്തിൽ കണ്ടെത്താന്‍ സാധിച്ചത് നേട്ടമായി. രണ്ടാംഘട്ടത്തിൽ 15പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും മാത്രമായിരുന്നു രോഗബാധിതരെങ്കിൽ ഇപ്പോള്‍ മൂന്ന് നഗരസഭകളിലും 27 പഞ്ചായത്തുകളിലും രോഗബാധിതരെ കണ്ടെത്തി. രണ്ടാം ഘട്ടത്തിൽ ചെമ്മനാട് പഞ്ചായത്തും കാസർകോട് നഗരസഭയിലുമായിരുന്നു രോഗികൾ ഏറെയെങ്കിൽ ഇപ്പോൾ മംഗൽപ്പാടി, പൈവളിഗെ, കുമ്പള പഞ്ചായത്തുകളിലാണ് രോഗബാധിതർ ഏറെയും ഉള്ളത്.