കാസർകോട്: അഞ്ച് കിലോ വരെ ഭാരമുള്ള ഭീമന്‍ ഞണ്ടുകള്‍. ജീവനോടെ വായ് ഭാഗം കെട്ടിയിട്ടിരിക്കുന്ന ഈ ഞണ്ടുകള്‍ മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് അയക്കാനുള്ളതാണ്. ട്രോളിങ് നിരോധനത്തെത്തുടര്‍ന്നുണ്ടായ ദുരിതത്തില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ കരകയറുന്നത് ഞണ്ട് പിടുത്തത്തിലൂടെയാണ്. ചന്ദ്രഗിരിപ്പുഴയുടെ അഴിമുഖത്ത് നിന്നുമാണ് മത്സ്യത്തൊഴിലാളികള്‍ ഞണ്ടുകളെ പിടിക്കുന്നത്.
ട്രോളിങ് നിരോധനം: ഞണ്ട് കയറ്റുമതിയിലൂടെ ദുരിതം മറികടന്ന് മത്സ്യത്തൊഴിലാളികള്‍
മലേഷ്യയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കാണ് കാസര്‍കോട് കസബ തീരദേശമേഖലയില്‍ നിന്നും ഞണ്ടുകളെ കയറ്റി അയക്കുന്നത്.
ഉച്ചകഴിഞ്ഞുള്ള സമയത്ത് ചെറു തോണികളില്‍ പോയാണ് ഞണ്ടുകള്‍ക്കായി വല വിരിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ വല കരയിലേക്കെടുക്കും. 50 തോണിക്കാര്‍ കാസര്‍കോട് കസബയില്‍ ഞണ്ടുകളെ പിടിക്കുന്നുണ്ട്. ഞണ്ടുകളുടെ വലുപ്പത്തിനനുസരിച്ച് തരം തിരിച്ചാണ് വില്‍പ്പന. ഗുണനിലവാരത്തിന് അനുസരിച്ച് കിലോക്ക് 1500 രൂപവരെ ജീവനുള്ള ഞണ്ടുകള്‍ക്ക് ലഭിക്കും. കാസര്‍കോട് നിന്നും തീവണ്ടി മാര്‍ഗം ചെന്നൈയില്‍ എത്തിക്കും. ഇവിടെ നിന്നും ഏജന്‍റുമാര്‍ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ദിവസവും 50 കിലോ ഞണ്ട് വരെ കസബയില്‍ നിന്നും കയറ്റി അയക്കുന്നുണ്ട്.