കണ്ണൂർ: വാര്‍ധക്യ കാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്‍റെ ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ തിരിമറി നടത്തിയ സിപിഎം നോതാവിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ജനറല്‍ മാനേജറുടെ പരാതി പ്രകാരം സിപിഎം തലശ്ശേരി ലോക്കല്‍ കമ്മറ്റിയംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ കെകെ ബിജുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതേ ബാങ്കിലെ കളക്ഷൻ ഏജന്‍റാണ് കെകെ ബിജു.
ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തെന്ന് പരാതി; സിപിഎം നോതാവിനെതിരെ കേസ്
സഹകരണ ബാങ്ക് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി ആറ് ലക്ഷം രൂപ ബിജുവിനെ ഏല്‍പ്പിച്ചെങ്കിലും തുക പലര്‍ക്കും വിതരണം ചെയ്യാതെ ബാങ്കിനെയും ഗുണഭോക്താക്കളെയും ഇയാൾ വഞ്ചിക്കുകയായിരുന്നു.
സഹകരണ ബാങ്ക് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി ആറ് ലക്ഷം രൂപ ബിജുവിനെ ഏല്‍പ്പിച്ചെങ്കിലും ഈ തുക പലര്‍ക്കും വിതരണം ചെയ്യാതെ ബാങ്കിനെയും ഗുണഭോക്താക്കളെയും ഇയാൾ വഞ്ചിക്കുകയായിരുന്നു. ക്ഷേമ പെന്‍ഷന്‍ കാലാവധിക്ക് ശേഷവും ലഭിക്കാതെ വന്ന വൃദ്ധന്‍ ബാങ്കില്‍ നേരിട്ടെത്തി പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. ഇയാളുടെ പേരില്‍ കള്ള ഒപ്പിട്ട് തുക ബിജു കൈപ്പറ്റുകയായിരുന്നു. ഇത്തരത്തില്‍ പലരുടെയും പേരില്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതായി ബാങ്ക് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. നിരവധി വ്യാജ രേഖകള്‍ ഇയാൾ നിര്‍മ്മിച്ചതായി ബാങ്കിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
അതേസമയം ക്ഷേമ പെന്‍ഷന്‍ വ്യാജ ഒപ്പിട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കാത്ത സംഭവത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏരിയാ കമ്മറ്റിയംഗങ്ങളായ വാഴയില്‍ വാസു, കെപി പ്രഹീദ് എന്നിവരെ അന്വേഷണ കമ്മിഷനായി ഏരിയാ കമ്മറ്റി നിയോഗിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതില്‍ ഗുണഭോക്താക്കളും മറ്റും ബിജുവിനെതിരെ പരാതിപ്പെട്ടിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ബാങ്കിനെ ഇയാള്‍ വഞ്ചിക്കുകയായിരുന്നെന്ന് മനസിലായത്. തുടര്‍ന്നാണ് തലശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. ഗുരുതരമായ ആരോപണം നേരിട്ടതോടെ ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍റ് ചെയ്തതായാണ് വിവരം. ബിജുവിനെ സസ്‌പെന്‍റ് ചെയ്യാനുള്ള തീരുമാനം ലോക്കല്‍ കമ്മറ്റിയില്‍ ഉയര്‍ന്നപ്പോള്‍ ഭൂരിഭാഗം പേരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സിപിഎം പളളിത്താഴെ ബ്രാഞ്ച് സെക്രട്ടറിയായ നവാസിനെയാണ് താന്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഏര്‍പ്പാടാക്കിയതെന്നും ഇയാളാണ് പെന്‍ഷന്‍ തുക തട്ടിയെടുത്തെന്നും ബിജു നേരത്തെ അന്വേഷണ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയിരുന്നു.