ഇടുക്കി: വണ്ടിപ്പെരിയാറിൽ പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. വണ്ടിപ്പെരിയാർ മൂങ്കലാറിൽ കഞ്ചാവ് വിൽപന നടത്തുന്നു എന്ന രഹസ്യ വിവരം അറിഞ്ഞ് എത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമത്തിൽ അടിമാലി, രാജാക്കാട് സ്വദേശികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കിയില്‍ പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം - അറസ്റ്റ് ചെയ്തു
ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
അഞ്ചംഗ സംഘമാണ് വാഹന പരിശോധന നടത്തുമ്പോൾ വാഹനത്തിലുണ്ടായിരുന്നത്. പൊലീസിനെ കണ്ടതോടെ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വടിവാൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. രാജാക്കാട് സ്വദേശികളായ കൂരി ഷൈൻ എന്നറിയപ്പെടുന്ന ഷൈൻ ജോസഫ്, ജിബിൻ, സജീവ്, സ്റ്റാലിൻ തോമസ്, വിഷ്ണു പെരുമാൾ എന്നിവരാണ് ആക്രമണം നടത്തിയത് .ആക്രമണത്തിനു ശേഷം രണ്ടു പേരെ പൊലീസ് സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയിൽ എടുത്തു. ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് പോരെ പിന്നീട് പിടികൂടി. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ ജോഷി, എസക്കി, മുത്തു എന്നിവർക്ക് പരിക്കേറ്റു. പ്രതികൾക്കെതിരെ വധശ്രമത്തിനും മാരകായുധം ഉപയോഗിച്ചതിനും, കൈവശം വെച്ചതിനും, എൻഡിപിഎസ് നിയമപ്രകാരവും അടക്കം കേസെടുത്തു.