ലണ്ടന്‍: വാതുവെപ്പിനും ഉത്തേജക മരുന്ന് ഉപയോഗത്തിനും എതിരെ നടപടി എടുക്കുന്നത് പോലെ വര്‍ണ വിവേചനത്തിനെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ജൂലായ് എട്ടിന് ഇംഗ്ലണ്ട് പര്യടനം ആരംഭിക്കാനിരിക്കെയാണ് ഹോള്‍ഡര്‍ വര്‍ണവിവേചനത്തിനെതിരെ നടപടി ആവശ്യപെട്ടിരിക്കുന്നത്. കായിക മേഖലയില്‍ വര്‍ണ വിവേചനം വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. വര്‍ണ വിവേചനം ഉള്‍പ്പെടെ കായിക മേഖല നേരിടുന്ന എല്ലാ പ്രതിസന്ധികളെയും ഒരേ അളവുകോലുപയോഗിച്ച് നേരിടണം.
ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെയും വാതുവെപ്പിനെതിരെയും പരമ്പരക്ക് മുമ്പായി നടത്തുന്ന ബോധവല്‍ക്കരണത്തിന് സമാനമായി വര്‍ണ വിവേചനത്തിനെതിരെയും യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. വര്‍ണ വിവേചനത്തിനെതിരെ സാക്ഷരതാ യജ്ഞം തന്നെ വേണമെന്നാണ് അഭിപ്രായം. ഒരിക്കലും താന്‍ വര്‍ണ വിവേചനത്തിന് ഇരായായിട്ടില്ല. എന്നാല്‍ അത്തരം സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുകയും കേള്‍ക്കാന്‍ ഇടയാവുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.