ജബല്‍പൂര്‍(മധ്യപ്രദേശ്) : ജബൽപൂരിലെ റീജ്യണല്‍ ട്രാൻസ്‌പോർട്ട് ഓഫിസ് (ആർടിഒ) ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും പക്കല്‍ നിന്ന് 16 ലക്ഷം രൂപയും വരവില്‍ കവിഞ്ഞ മറ്റ് സ്വത്ത് വകകകളും സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) കണ്ടെടുത്തു. ആര്‍ടിഒ ഉദ്യോഗസ്ഥന്‍റെയും ഭാര്യയുടെ ഉടമസ്ഥതയിലുള്ള മൂന്നിടങ്ങളിലായിരുന്നു പരിശോധന. ആർടിഒ ഉദ്യോഗസ്ഥനായ സന്തോഷ് പാലിനും ആര്‍ടിഒ ഓഫിസ് ക്ലാര്‍ക്കായ ലേഖ പാലിനും വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സമ്പത്തുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ബുധനാഴ്ച (17.08.2022) രാത്രിയാണ് റെയ്‌ഡ് ആരംഭിച്ചത്.
ദമ്പതികൾക്ക് അവരുടെ വരുമാന സ്രോതസ്സുകളെ അപേക്ഷിച്ച് 650 ഇരട്ടി ആസ്‌തിയുണ്ടെന്ന് കണ്ടെത്തിയതായി ഇഒഡബ്ല്യു പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര സിംഗ് രജ്‌പുത് അറിയിച്ചു. ധീരജ് കുക്രേജ, സ്വപ്‌നിൽ സറാഫ് എന്നിവര്‍ സന്തോഷ് പാലിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ലോകായുക്തയില്‍ പരാതി നൽകിയതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, ഇഒഡബ്ല്യു സംഘം ഇയാൾക്കെതിരെ സെക്ഷൻ 13 (1) ബി, 13 (2) 1988 ലെ അഴിമതി നിയമം, ഇതിന്റെ 2018ലെ ഭേദഗതി എന്നിവ ചുമത്തി അന്വേഷണം ആരംഭിച്ചു.