ഷാര്‍ജ: ഐപിഎല്ലിന്‍റെ 14-ാം സീസണിന്‍റെ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഏറ്റുമുട്ടും. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.
ആദ്യ ക്വാളിഫയറില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്താണ് എം.എസ് ധോണി നയിക്കുന്ന ചെന്നൈ ഫൈനലുറപ്പിച്ചത്. അതേസമയം എലിമിനേറ്റര്‍ കളിച്ചെത്തിയ ഇയാന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ കീഴടക്കുകയായിരുന്നു.
ഓപ്പണിങ് സഖ്യമാണ് ഇരു ടീമുകളുടേയും പ്രധാനശക്‌തി. ഓപ്പണിൽ മങ്ങിയാൽ വീണുപോകുന്ന സ്ഥിതി ഇരു ടീമുകളെയും ഒരു പോലെ അലട്ടുന്നുണ്ട്. ബാറ്റിങ്ങിൽ പരാജയമായിരുന്നിട്ടും ഭാഗ്യത്തിന്‍റെ അകമ്പടിയോടെയാണ് കൊൽക്കത്ത ഇത്തവണ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. എന്നാൽ ബാറ്റിങിൽ കൊൽക്കത്തെയെക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് ചെന്നൈ.
മറുവശത്ത് ബോളിങ് നിരയിൽ ചെന്നൈയെക്കാൾ ഒരു പടി മുന്നിലാണ് കൊൽക്കത്ത. സ്‌പിൻ നിരയാണ് അവരുടെ പ്രധാന കരുത്ത്. പേസ് നിരയും ഫോമിലാണ്. അതേസമയം സ്ഥിരതയില്ലായ്‌മയാണ് ചെന്നൈയുടെ ബോളർമാർക്ക് പ്രധാനതിരിച്ചടിയാകുന്നത്. അവസരത്തിനൊത്ത് ഉയരുന്നുണ്ടെങ്കിൽ പോലും സ്ഥിരതയില്ലായ്‌മ ടീമിനെ ദോഷകരമായി ബാധിക്കുന്നുണ്ട്.
കൊൽക്കത്ത നിരയിൽ വെടിക്കെട്ട് ബാറ്റ്സ്‌മാൻ ആന്ദ്രേ റസൽ ഇന്നത്തെ മത്സരത്തിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ആരെ പുറത്തിരുത്തും എന്നതാകും കൊൽക്കത്ത നേരിടുന്ന പ്രധാന വെല്ലുവിളി. ഷാക്കിബിനെ പുറത്തിരുത്താനാണ് കൂടുതൽ സാധ്യതയെങ്കിൽ പോലും കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ചെന്നൈ നിരയിൽ റോബിൻ ഉത്തപ്പ ഫോമിലേക്ക് ഉയർന്നതിനാൽ സുരേഷ് റൈനയെ ടീമിലെത്തിക്കാൻ സാധ്യതയില്ല.
പിച്ച് റിപ്പോര്‍ട്ട്
ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന പിച്ചാണ് ദുബായിലേത്. എന്നാല്‍ ചില സയമങ്ങളില്‍ ട്രാക്കില്‍ വേഗത കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണാറുണ്ട്. സീസണില്‍ ഇവിടെ നടന്ന 11 മത്സരങ്ങളില്‍ ഒമ്പതും വിജയിക്കാനായത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ്. ഇക്കാരത്താല്‍ തന്നെ ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.