അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ടേബിള്‍ ടോപ്പറായ ഡല്‍ഹിക്കൊപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും കൂട്ടരും മോട്ടേരയിലെ ഐപിഎല്‍ പോരാട്ടത്തിന് എത്തുന്നത്. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത ആഗ്രഹിക്കുന്നത് സീസണിലെ മൂന്നാമത്തെ മാത്രം ജയമാണ്.
സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രം അക്കൗണ്ടിലുള്ള ഓയിന്‍ മോര്‍ഗനും കൂട്ടര്‍ക്കും നാല് പോയിന്‍റ് മാത്രമാണുള്ളത്. മറുഭാഗത്ത് അഗ്രസീവായ പ്രകടനം പുറത്തെടുക്കുന്ന ആര്‍സിബിക്ക് ഇത്രയും മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റാണുള്ളത്. രണ്ട് തവണ മാത്രം പരാജയപ്പെട്ട കോലിയും കൂട്ടരും പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ്. കൊല്‍ക്കത്ത ഏഴാമതും.
ആര്‍സിബി എത്തുന്നത് അപ്രതീക്ഷിത തോല്‍വിക്ക് ശേഷം
അതേസമയം പഞ്ചാബ് കിങ്‌സിനെതിരായ അവസാന മത്സരത്തിലെ അപ്രതീക്ഷിത തോല്‍വി ആര്‍സിബി ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. പഞ്ചാബ് ഉയര്‍ത്തിയ ശക്തമായ വിജയം ലക്ഷം പിന്തുടര്‍ന്ന ആര്‍സിബിക്ക് 34 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മൊട്ടേരയില്‍ നടന്ന പഞ്ചാബിനെതിരായ മത്സരത്തില്‍ വിരാട് കോലി, രജത് പട്ടീദാര്‍, കെയില്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. സീസണില്‍ മൊട്ടേരയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ആര്‍സിബി പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയത്. ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ കഷ്‌ടിച്ച് ഒരു റണ്‍സിന്‍റെ ജയം മാത്രമാണ് ബാംഗ്ലൂര്‍ നേടിയത്.