മുംബൈ: കൊവിഡ് ആശങ്കയിലാണ് ഐപിഎല്‍. രാജ്യത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്ലിന്‍റെ ഭാഗമായ വിദേശ താരങ്ങള്‍ ഇന്ത്യവിടുകയാണ്. ഇതിനകം അഞ്ച് വിദേശ താരങ്ങളാണ് വ്യക്തിപരമായ കാരണങ്ങളാല്‍ സ്വദേശത്തേക്ക് മടങ്ങിയത്. ഇതില്‍ നാലുപേര്‍ ഓസ്‌ട്രേലിയക്കാരും ഒരാള്‍ ഇംഗ്ലണ്ടില്‍ നിന്നുമാണ്. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസില്‍വുഡ്, ആന്‍ഡ്രൂ ടൈ, ആദം സാംപ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ ഇന്ത്യ വിട്ടപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ ലിയാം ലിവിങ്‌സ്റ്റണും സ്വദേശത്തേക്ക് മടങ്ങി. പരിക്ക് കാരണം സ്വദേശത്തേക്ക് മടങ്ങിയ വിദേശ താരങ്ങള്‍ക്ക് പുറമെയാണ് ഈ കണക്ക്.
ദിനംപ്രതിയെന്നോണം കൊവിഡ് വ്യാപനം വഷളാവുന്നത് ഐപിഎല്ലിന്‍റെ ഭാഗമാകുന്ന മറ്റ് വിദേശ താരങ്ങളെയും പരിശീലകരെയും ആശങ്കയിലാക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തെ ആശങ്കയോടെയാണ് വിദേശരാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ കാണുന്നത്. വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ്. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് ബോര്‍ഡ് പറഞ്ഞു. ഐപിഎല്ലിന്‍റെ ഭാഗമായ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയാണ് ബോര്‍ഡ്. ഐപിഎല്ലിന്‍റെ ഭാഗമായ ക്രിക്കറ്റേഴ്‌സിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തുടര്‍ന്നുള്ള തീരുമാനങ്ങള്‍. രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ വിദേശ രാജ്യങ്ങള്‍ ആശങ്കയിലാണ്.