വാഷിങ്ടണ്‍: ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി കമ്പനി. 'പിന്‍ഡ് കമന്‍റ്സാ'ണ് ആപ്പിലെ പുതിയ സവിശേഷത. മെയ് മാസം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലായിരുന്നു അണിയറക്കാര്‍. ഇനി മുതല്‍ പിന്‍ഡ് കമന്‍റ്സ് എല്ലാവരുടെ അക്കൗണ്ടുകളിലും ലഭ്യമാകും. ഇൻസ്റ്റഗ്രാം പ്രൊഡക്ട് ഹെഡ്ഡായ വിശാല്‍ ഷായാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. തങ്ങള്‍ക്ക് പ്രിയപ്പെട്ട അഭിപ്രായങ്ങള്‍ പിന്‍ ചെയ്ത് പോസ്റ്റിനൊപ്പം മുകളിലായി വെക്കുക എന്നതാണ് 'പിന്‍ഡ് കമന്‍റ്സ്'. ഇത് മോശം അഭിപ്രായങ്ങളുടെ അമിതമായ വരവ് കുറക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്നാണ് വിശാല്‍ ഷാ ട്വീറ്റിലൂടെ അവകാശപ്പെടുന്നത്.
ഫോട്ടോ പങ്കുവെക്കുന്നതിന് പ്രാധാന്യം നല്‍കികൊണ്ടുള്ള ഇൻസ്റ്റഗ്രാമിന്‍റെ പുതിയ ചില സവിശേഷതകളില്‍ ഒന്ന് മാത്രമാണ് ഇത്. സോഷ്യല്‍ മീഡിയകളില്‍ അശ്ലീല കമന്‍റുകളും ഉപദ്രവവും ഭീഷണിപ്പെടുത്തലും ഏറെ വരുന്നതിനാല്‍ അവ ഒഴിവാക്കാന്‍ ഒരു പരിധിവരെ ഈ പുതിയ ഫീച്ചറിന് സാധിക്കും.