മുംബൈ: അത്യാധുനിക യന്ത്രസംവിധാനവും സാങ്കേതികവിദ്യയും ഒത്തിണക്കിയ സ്കോര്‍പീൻ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് 'വേല' ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകുന്നു. ഗോവയിലെ മസഗോണ്‍ ഡോക്‌യാര്‍ഡില്‍ ഇതിന് മുന്നോടിയായുള്ള പരീക്ഷണ യാത്രകൾ തുടങ്ങിക്കഴിഞ്ഞു. സ്കോര്‍പീൻ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമനാണ് ഐഎന്‍എസ് വേല.
ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് നാവികസേനയ്ക്കായി അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്. 2005ലാണ് ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ കമ്പനിയുമായി സേന ഒപ്പിട്ടത്. പ്രോജക്ട് 75 എന്ന പേരില്‍ തുടങ്ങിയ പദ്ധതി പ്രകാരം ആദ്യത്തെ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി കഴിഞ്ഞ വര്‍ഷം സേനയുടെ ഭാഗമായി. ഐഎന്‍എസ് ഖണ്ഡേരി, ഐഎന്‍എസ് കരഞ്ച് എന്നിവയെ സേനയുടെ ഭാഗമാകുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ഐഎന്‍എസ് വാഗിര്‍, ഐഎന്‍എസ് വഗ്ഷീര്‍ എന്നിവയാണ് ഇനി അടുത്തതായി സേനയിലേക്ക് എത്താൻ പോകുന്ന മറ്റ് രണ്ട് അന്തര്‍വാഹിനികൾ. അഞ്ചാമത്തെ സ്കോര്‍പീൻ ക്ലാസ് അന്തര്‍വാഹിനി ഉടൻ തന്നെ നാവിക സേനയുടെ ഭാഗമാകുമെന്നും സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.