ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് ജൂൺ മാസത്തിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനായി ഫുട്ബോൾ കളിക്കാരെ ഖത്തറിലേക്ക് അയയ്ക്കാൻ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (AIFF) തീരുമാനിച്ചു. ആരോഗ്യ കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചയുടന്‍ ടീം ഖത്തറിലേക്ക് തിരിക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ട്വീറ്റ് ചെയ്തു.
2022 ലെ ഫിഫ ലോകകപ്പിനേക്കാള്‍ ഇന്ത്യ ശ്രദ്ധ ചെലുത്തുന്നത് 2023ലെ എഷ്യന്‍ കപ്പിനാണ്. അതുകൊണ്ട് തന്നെ ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരായ മത്സരങ്ങൾ ഇന്ത്യയ്ക്ക് നിർണായകമാണ്. കഴിഞ്ഞ മാർച്ചിൽ ഇന്ത്യന്‍ ടീം ഒമാനും യുഎഇയുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. ഒമാനിനെതിരായ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു. പരിശീലകനായ ഇഗോർ സ്റ്റിമാക് ടീമിന്‍റെ ശ്രമങ്ങളിൽ സന്തുഷ്ടനാണ്. ഫിഫാകോം റാങ്കിംഗിൽ ഇന്ത്യയേക്കാള്‍ 23 റാങ്ക് മുന്നിലുള്ള ഒമാൻനെപ്പോലുള്ള ടീമിനെ സമനിലയില്‍ തളക്കാന്‍ സാധിച്ചത് ടീമിന്‍റെ മികവ് തന്നെയാണെന്ന് പരിശീലകനായ ഇഗോർ സ്റ്റിമാക് പറഞ്ഞു. 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.