ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ വാലിയുടെ മേല്‍ പരമാധികാരമുണ്ടെന്ന ചൈനയുടെ അവകാശവാദത്തെ ശനിയാഴ്ച തള്ളി ഇന്ത്യ. ഗാൽവാൻ വാലിയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം മുൻകാലങ്ങളിൽ സ്വന്തം നിലപാടിന് അനുസൃതമായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ചൈനയുടെ അതിക്രമ ശ്രമങ്ങൾക്ക് ഇന്ത്യൻ സൈനികര്‍ ഉചിതമായ മറുപടിയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗൽവാൻ വാലി പ്രദേശത്തെ സംബന്ധിച്ച ചരിത്രപരമായ കാര്യങ്ങള്‍ വ്യക്തമായതാണ്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ സംബന്ധിച്ച് അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ചൈനയുടെ ശ്രമങ്ങൾ സ്വീകാര്യമല്ലെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം നടന്ന ലഡാക്ക് സംഘര്‍ഷത്തില്‍ ഒരു കേണലും 19 സൈനികരുമാണ് ഗല്‍വാന്‍ വാലിയില്‍ വീരമൃത്യു വരിച്ചത്. അതിർത്തിയിലെ ഏറ്റുമുട്ടലിനിടെ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി ഇതുവരെ സംസാരിച്ചിട്ടില്ല. 45 വർഷത്തിനിടയിലെ ഏറ്റവും മോശമായ സംഭവമാണ് തിങ്കളാഴ്ചയുണ്ടായത്.
ഗൽവാൻ വാലി ഉൾപ്പെടെ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ എല്ലാ മേഖലകളിലെയും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനെ കുറിച്ച് ഇന്ത്യൻ സൈനികർക്ക് നന്നായി അറിയാമെന്നും ശ്രീവാസ്തവ പറഞ്ഞു. മെയ് പകുതി മുതൽ ഇന്ത്യ-ചൈന അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിലെ എൽഎസി ലംഘിക്കാൻ ചൈന ശ്രമിച്ചതായി ശ്രീവാസ്തവ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ സമാധാനം ഉറപ്പുവരുത്തുന്നതിനായുള്ള ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ധാരണയെ ആത്മാർഥമായി ചൈന പിന്തുടരുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും ശ്രീവാസ്തവ പറഞ്ഞു.