യുക്രൈനുമേല്‍ റഷ്യ നടത്തിയ അധിനിവേശവും യുദ്ധവുമുണ്ടാക്കിയ കൊടിയ നഷ്‌ടങ്ങള്‍ ലോകം പോയവര്‍ഷം നെഞ്ചിടിപ്പോടെ കണ്ടതാണ്. അത്തരത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണ്, സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള പോര്. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പോരുകളില്‍ പക്ഷം ചേരാതെ സംയമനം പാലിച്ചുള്ള ഇന്ത്യയുടെ പെട്ടെന്നുള്ള നിലപാട് മാറ്റം ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്നത് സുപ്രധാനമാണ്.
ഇന്ത്യയുടെ നീക്കമെന്ത് ? : കഴിഞ്ഞ ഒക്‌ടോബറില്‍ 249 ദശലക്ഷം ഡോളറിന്‍റെ മാരകായുധങ്ങളാണ്, സോവിയറ്റ് യൂണിയന്‍റെ പതനത്തിന് ശേഷം അസര്‍ബൈജാനുമായി കലഹിക്കാന്‍ ആയുധമെടുക്കുന്ന അയല്‍രാജ്യമായ അര്‍മേനിയയിലേയ്‌ക്ക് കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യ, തങ്ങളുടെ മിത്രങ്ങള്‍ക്കായി ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഇതാദ്യമായല്ല. കാരണം, ഇന്ത്യയുമായി കലഹിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അസര്‍ബൈജാനെ നേരിടുവാനും രാജ്യത്തിന്‍റെ വിദേശനയം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നീക്കത്തിന് ഇന്ത്യ തയ്യാറായത്.
മാരകായുധങ്ങള്‍ മാത്രമല്ല, ഫലപ്രദമായ മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍, കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്‌ക്ക് ശക്തി പകര്‍ന്ന പിനാക്ക മുതലായവയാണ് അര്‍മേനിയയിലേയ്‌ക്ക് കയറ്റുമതി ചെയ്യാന്‍ ധാരണയായത്. ദ്രുത വേഗതയില്‍ വെടിവയ്‌ക്കുവാനുള്ള ഇത്തരം മാരകായുധങ്ങളുടെ ശേഷി ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ ശത്രുക്കളെ ഇല്ലാതാക്കാന്‍ കെല്‍പ്പുള്ളവയാണ്. തുര്‍ക്കിഷ് ആയുധങ്ങളായ ഡ്രോണുകള്‍, ബരേറ്റ മുതലായവ സ്വന്തമായുള്ള അസര്‍ബൈജാനോട് പൊരുതുവാന്‍ അര്‍മേനിയയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്നത് ഇന്ത്യയുടെ മാരകായുധ ശേഖരമാണ്.
അസര്‍ബൈജാനുമായുള്ള ഇന്ത്യന്‍ ബന്ധത്തിലെ വിള്ളലുകള്‍ : അസര്‍ബൈജാന്‍ എന്ന രാജ്യം പ്രധാന ആയുധവിതരണക്കാരും ഇന്ത്യയുടെ ഉറ്റ സുഹൃത്തുമായ ഇസ്രയേലുമായി വളരെയധികം സൗഹൃദത്തിലാണ്. എന്നിരുന്നാലും, അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമാണ് അവരെ ഇന്ത്യയുടെ ശത്രുവാക്കുന്നത്. അതേസമയം അസര്‍ബൈജാന്‍, തുര്‍ക്കി, പാകിസ്‌താന്‍ തുടങ്ങിയ മൂന്ന് രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നുവരുന്ന ശക്തമായ ബന്ധം ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുമാണ്.
മാത്രമല്ല, ഇന്ത്യയുമായി സൗഹൃദം പങ്കിടുന്ന ഇസ്രയേല്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അസര്‍ബൈജാന്‍റെ തലസ്ഥാന നഗരമായ ബാകുവുമായി അടുത്ത ബന്ധത്തിലാണ്. ഇന്ത്യയെ സംബന്ധിച്ച് തങ്ങളുടെ സഖ്യശക്തികള്‍ പാകിസ്‌താന് മേല്‍ എത്തരത്തില്‍ അധികാരം സ്ഥാപിക്കുന്നു എന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നതിന്‍റെ ഭാഗമായി റഷ്യ ആയുധങ്ങള്‍ സ്വരുക്കൂട്ടിയത് ശ്രദ്ധേയമാണ്.
എന്നാല്‍, നിലവില്‍ അര്‍മേനിയ ആയുധങ്ങള്‍ ശേഖരിക്കുന്നത് അസര്‍ബൈജാനുമായി അടുത്ത ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പാണോ എന്ന പ്രധാന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. മാത്രമല്ല, യുദ്ധം മൂലം മറ്റ് രാജ്യങ്ങളാല്‍ ഒറ്റപ്പെട്ട റഷ്യയുടെ നിര്‍ദേശപ്രകാരമാണോ ആത്മമിത്രമായ ഇന്ത്യ അര്‍മേനിയയ്‌ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്‍കുന്നത് എന്നതും മറ്റൊരു സംശയമാണ്.
എല്ലാത്തിനുമുപരിയായി ആഗോള തലത്തില്‍ ആയുധ വിതരണത്തിന്‍റെ ഒരു വലിയ ശൃംഖലയായി മാറുവാനുള്ള ഇന്ത്യയുടെ താല്‍പര്യം പ്രകടമാണ്. 2022ല്‍ മാത്രം വിവിധ രാജ്യങ്ങള്‍ക്കായി 13,000 കോടി രൂപയുടെ ആയുധങ്ങളുടെ വില്‍പ്പന നടത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 35,000 കോടി രൂപയുടെ ആയുധ വില്‍പ്പനയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യന്‍ വികസനത്തില്‍ വഹിക്കുന്ന പങ്ക് : ഡിഫന്‍സ് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷനും റഷ്യയുടെ എന്‍പിഒ മഷ്നോസ്‌ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്ത, 375 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ബ്രഹ്‌മോസ് മിസൈല്‍ സുപ്രധാന ഉദാഹരണമാണ്. ഫിലിപ്പൈന്‍സാണ് ഇന്ത്യയുടെ ആദ്യ സുപ്രധാന ആയുധ കയറ്റുമതിയുടെ ഉപഭോക്തൃ രാജ്യം. കൂടാതെ, മലേഷ്യ, വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി പുതിയ ഓര്‍ഡറിനുള്ള ഇന്ത്യയുടെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതോടുകൂടി 2025 ഓടെ ബ്രഹ്‌മോസ് എയറോസ്‌പേസ് കമ്പനി അഞ്ച് ബില്ല്യണ്‍ ഡോളര്‍ സമ്പാദിക്കുമെന്നാണ് വിലയിരുത്തല്‍.