കടലാക്രമണ ഭീതിയിൽ കാസർകോട്; തീരമേഖല പ്രതിസന്ധിയില്‍ - kasargod
ഏഴ് കുടുംബങ്ങളെ കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചു.
കാസർകോട്: ഓരോ നിമിഷവും ഭീതിയോടെ തള്ളിനീക്കുകയാണ് ഉപ്പള മുസോടിയിലെ തീരദേശവാസികള്‍. കഴിഞ്ഞ ദിവസം മുതലാണ് കടൽ പ്രക്ഷുബ്ധമായിത്തുടങ്ങിയത്. തീരത്ത് തിരയടിച്ചിൽ ശക്തമായതോടെ 200 മീറ്ററോളം കര കടലെടുത്തു. വേലിയേറ്റ സമയത്ത് കടൽ ഭിത്തിക്ക് ഇപ്പുറവും തിരമാലകൾ ആഞ്ഞടിക്കുന്നത് തീരമേഖലയിലുള്ളവരുടെ ജീവിതം പ്രതിസന്ധിയിലാക്കുകയാണ്. ഇതിനകം ഏഴ് കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. ഒരു ഭാഗം കടലെടുത്ത് പോയ കടലോരത്തെ ചെറിയ പള്ളി ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. പതിനഞ്ചോളം തെങ്ങുകൾ കടലെടുത്തു. മുൻ വർഷങ്ങളിലും കടലാക്രമണത്തിൽ പ്രദേശത്തെ വീടുകൾ തകർന്നിരുന്നു. അന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കിതുവരെ നഷ്ടപരിഹാരം പോലും നൽകിയില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഹാർബർ നിർമ്മാണം ആരംഭിച്ച ശേഷമാണ് മുസോടി പ്രദേശത്ത് കടൽകയറി തുടങ്ങിയതെന്നും തീരദേശവാസികൾ പരാതിപ്പെടുന്നു.