കാസർകോട്:കാസർകോട് ജില്ലയിൽ എച്ച്1 എന്‍1 രോഗബാധ സ്ഥിരീകരിച്ചു. പരവനടുക്കം വൃദ്ധസദനത്തിലെ രണ്ട് അന്തേവാസികൾക്കും ജീവനക്കാർക്കുമാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. ഇതോടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് അടിയന്തര നടപടികളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി.
കാസർകോട് ജില്ലയിൽ എച്ച്1 എന്‍1 രോഗബാധ സ്ഥിരീകരിച്ചു - ആരോഗ്യ വകുപ്പ്
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
രോഗലക്ഷണം പ്രകടമായവരുടെ തൊണ്ടയിലെ സ്രവം മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധ കണ്ടെത്തിയ പരവനടുക്കം വൃദ്ധസദനത്തിലെ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ അധികൃതർ സ്വീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേകം തയ്യാറാക്കിയ റൂമിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. മാസ്കുകൾ, പ്രതിരോധ ഗുളികകൾ എന്നിവയും പ്രാഥമികമായി എല്ലാവർക്കും ലഭ്യമാക്കി. 24 മണിക്കൂറും ആരോഗ്യ വകുപ്പിന്‍റെ മെഡിക്കൽ ടീമിന്‍റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എച്ച്1 എന്‍1സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. മനോജ് എ ടി യുടെ നേതൃത്വത്തിൽ റാപിഡ് റെസ്പോൺസ് ടീം സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
ചട്ടഞ്ചാൽ പിഎച്ച്സി മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ദിവസേന രോഗനിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് സന്ദർശകരെ പൂർണമായും ഒഴിവാക്കാനും സ്ഥാപനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പനി, ശരീരവേദന, തൊണ്ട വേദന, തലവേദന, ചുമ ,കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വിറയൽ തുടങ്ങി വൈറല്‍ പനിയുടെ ലക്ഷണങ്ങൾ ഉള്ളവരും വൈദ്യസഹായം തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.