ആലപ്പുഴ:നൂറ്റിയൊന്നാം വയസിലേക്ക് കടക്കുന്ന കേരളത്തിന്‍റെ വിപ്ലവപോരാളി കെആർ ഗൗരിയമ്മയുടെ ജന്മദിനാഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ നടത്താനാണ് സംഘാടക സമിതി നിശ്ചയിച്ചിരിക്കുന്നത്. ആഘോഷ പരിപാടികൾ നാളെ ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്ന ഗൗരിയമ്മയെന്ന സമരപോരാളി നാളെ നൂറ്റിയൊന്നാം വയസിലേക്ക് കടക്കുമ്പോൾ അത് ഒരു ഒത്തുചേരലിനപ്പുറം കാലത്തിന്‍റെ തിരിഞ്ഞ് നേട്ടവും കൂടി ആവുകയാണ്. ഭിന്നതകൾക്കപ്പുറം കേരളത്തിന്‍റെ രാഷ്ട്രീയ ബോധത്തെ ആദരിക്കുന്നതിനുള്ള സമാഗമം കൂടിയാവും നാളത്തെ ജന്മദിനാഘോഷ പരിപാടികൾ.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന കമ്യൂണിസ്റ്റ് നേതാവും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ, കുഞ്ഞാലിക്കുട്ടി, തുടങ്ങിയവരെല്ലാം ഗൗരിയമ്മയ്ക്ക് ആശംസയുമായി നാളെ ആലപ്പുഴയിലുണ്ടാവും. സഹോദരൻ സുകുമാരനിൽ നിന്ന് പകർന്ന് കിട്ടിയ ദിശാബോധമാണ് രാഷ്ട്രീയത്തിൽ ഗൗരിയമ്മയുടെ പാഠം. മർദ്ദിത - ചൂഷിത വിഭാഗങ്ങൾ അനുഭവിക്കുന്ന യാതനകൾക്കെതിരെ പോരാട്ടത്തിനുറച്ച് സമരദ്ഭുവിലിറങ്ങിയ ഗൗരിയമ്മ എന്നും ചെങ്കൊടിക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്.
അരുതെന്ന് വിലക്കിയ കാലത്തെ ആവുവോളം വെല്ലുവിളിച്ച അവർ ഓരോ അണുവിലും തന്‍റെ രാഷ്ട്രീയ നിലപാടുകൾ മുഖം നോക്കാതെ വിളിച്ചുപറഞ്ഞിട്ടുണ്ട്. തിരു-കൊച്ചി മന്ത്രിസഭ മുതൽ തുടർ വിജയങ്ങൾ. കേരളപ്പിറവിക്ക് ശേഷം അഞ്ചാം നിയമസഭ ഒഴികെ ഒന്നു മുതൽ പതിനൊന്നുവരെയുള്ളതിൽ അംഗം. 5 തവണ മന്ത്രി. 64ലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന് ശേഷം സിപിഎമ്മിൽ. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ജീവിത പങ്കാളി ടിവി തോമസുമായുള്ള ദാമ്പത്യവും രണ്ടായി.
"കേരം തിങ്ങും കേരള നാട് കെ ആർ ഗൗരി ഭരിച്ചീടും" എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ ഇല്ലാതായപ്പോൾ 92ൽ സി പി എമ്മുമായി തെറ്റിപിരിഞ്ഞു ജെഎസ് എസ് രൂപീകരിച്ചു. പിന്നീട് പലതവണ ഇടത് - വലത് മുന്നണികളിൽ ചേക്കേറി. 'ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു' - ഗൗരിയമ്മയുടെ ഈ വാക്കുകൾ പറയും എത്രത്തോളം യാതനകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത്. സ്ത്രീയെന്നാൽ ഇപ്രകാരമായിരിക്കണമെന്ന സമൂഹം എഴുതിവെച്ച ചട്ടകൂടിനെ വെല്ലുവിളിച്ച പെണ്ണിടങ്ങളുടെ പൊന്നുതമ്പുരാട്ടിയാണ് കെ ആർ ഗൗരി.
അധികാരത്തിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചകൾ ഇല്ലാത്ത കർക്കശക്കാരിയായിരുന്നു ഗൗരിയമ്മ. എന്നാൽ വ്യക്തി ജീവിതത്തിൽ കാർക്കശ്യത്തിന്‍റെ പുറം ചട്ടയിട്ട വാൽസല്യം നിറഞ്ഞ അമ്മയും അതിനാൽ തന്നെ ഒരു നൂറ്റാണ്ട് പിന്നിടുന്ന കേരളത്തിന്‍റെ രാഷ്ട്രീയ മാതാവിന് ഒരു വർഷം നീണ്ട് നിൽക്കുന്ന പിറന്നാൾ സമ്മാനങ്ങളാണ് പ്രിയപ്പെട്ടവർ നൽകുന്നത്. നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാവാത്ത കേരളത്തിന്‍റെ വിപ്ലവ നക്ഷത്രത്തിന് ജന്മദിനാഭിവാദ്യങ്ങളുമായി എത്തുകയാണ് കേരള സമൂഹം ഒന്നടങ്കം.