ലണ്ടന്‍: ആഴ്‌സണലുമായി ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ച് ബ്രസീലിയന്‍ കൗമാര താരം ഗബ്രിയേല്‍ മാര്‍ട്ടിനേലി. സീസണില്‍ 26 തവണ ആഴ്‌സണലിനായി ബൂട്ടണിഞ്ഞ മാര്‍ട്ടിനേലി ഇതിനകം 10 ഗോളുകള്‍ സ്വന്തമാക്കി. പ്രതിഭാധനനായ താരമാണ് മാര്‍ട്ടിനേലിയെന്ന് പരിശീലകന്‍ മൈക്കള്‍ അട്ടേര പറഞ്ഞു. മാര്‍ട്ടിനേലി പ്രകടനം കൊണ്ടും മനോഭാവം കൊണ്ടും ഞങ്ങളെ സ്വാധീനിച്ചു. ബ്രസീലിയന്‍ കൗമാര താരത്തിന്‍റെ ഭാവിയിലെ പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഴ്‌സണലുമായി ദീര്‍ഘകാല കരാറില്‍ ഒപ്പിട്ട് ഗബ്രിയേല്‍ മാര്‍ട്ടിനേലി - ഗബ്രിയേല്‍ മാര്‍ട്ടിനേലി വാര്‍ത്ത
സീസണില്‍ 26 തവണ ആഴ്‌സണലിനായി ബൂട്ടണിഞ്ഞ ബ്രസീലിയന്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനേലി ഇതിനകം 10 ഗോളുകള്‍ സ്വന്തമാക്കി
ഗബ്രിയേല്‍ മാര്‍ട്ടിനേലി
ബ്രസീലിലെ അണ്ടര്‍ 23 ടീമില്‍ നിന്നാണ് മാര്‍ട്ടിനേലി ഗണ്ണേഴ്സില്‍ എത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ വെസ്റ്റ് ഹാം യുണൈറ്റഡിന് എതിരായ മത്സരത്തിലാണ് താരം തന്‍റെ ആദ്യത്തെ പ്രീമിയര്‍ ലീഗ് ഗോള്‍ സ്വന്തമാക്കുന്നത്. അന്ന് ആഴ്‌സണല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. ഈ വാരം ആദ്യം മറ്റൊരു കൗമാര താരം ബുകായോ സാകയും ആഴ്‌സണലുമായി കരാറില്‍ ഒപ്പിട്ടിരുന്നു. ഇംഗ്ലീഷ് താരമായ സാകയുമായുള്ള കരാര്‍ 2021ല്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ കരാറുണ്ടാക്കിയത്.