ഏറെ നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തിയ ഗംഭീറിനെ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലിയും രവിശങ്കര്‍ പ്രസാദും ചേര്‍ന്ന് സ്വീകരിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും ഗംഭീര്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകള്‍ പുലര്‍ത്തിയ സ്വാധീനമാണ് തന്നെ ബിജെപിയിലെത്തിച്ചതെന്നും അംഗത്വമെടുത്തതില്‍ അഭിമാനിക്കുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.
രാഷ്ട്രീയ ഇന്നിംഗ്സിന് തുടക്കമിട്ട് ഗൗതം ഗംഭീർ - arun jaitley
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകള്‍ ആകര്‍ഷിച്ചെന്ന് ഗംഭീര്‍.

ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് തന്നെ ഗംഭീര്‍ ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ന്യൂഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ രാഷ്ട്രീയ പ്രവേശനം ഗംഭീര്‍ അന്ന് നിഷേധിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമൃത്സറില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് വേണ്ടി ഗംഭീര്‍ പ്രചാരണം നടത്തിയിട്ടുണ്ട്. വിരമിക്കലിന് ശേഷമുള്ള ഗംഭീറിന്‍റെ നവമാധ്യമ ഇടപെടലുകളും രാഷ്ട്രീയ പ്രവേശന സൂചനകള്‍ നല്‍കിയിരുന്നു. മുൻ ഇന്ത്യൻ ഓപ്പണറായ ഗൗതം ഗംഭീർ ടി ട്വന്‍റി ലോകകപ്പും ഏകദിന ലോകകപ്പും നേടിയ ടീമില്‍ അംഗമായിരുന്നു. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.