ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്വന്തമാക്കിയ ലിവര്‍പൂള്‍ നായകന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണെ അഭിനന്ദിച്ച് മുന്‍ നായകന്‍ സ്റ്റീവന്‍ ജെറാഡ്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിക്ക് എതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടതോടെയാണ് കയ്യെത്തും ദൂരത്തെത്തിയ കിരീടം ലീവര്‍പൂള്‍ ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ചെമ്പടക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ മത്സര ഫലം കാത്തിരിക്കുക മാത്രമെ വേണ്ടി വന്നുള്ളൂ. മൂന്ന് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ചെമ്പട ഇപിഎല്‍ കിരീടം സ്വന്തമാക്കുന്നത്. ഹെന്‍ഡേഴ്‌സണെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നതായി ജെറാഡ് ട്വീറ്റ് ചെയ്തു. മികച്ച താരത്തിനാണ് താന്‍ ലിവര്‍പൂളിന്‍റെ നായക സ്ഥാനം കൈമാറിയതെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ഇരുവരും ഒരുമിച്ച് നില്‍കുന്ന ചിത്രം ഉള്‍പ്പെടെയാണ് ട്വീറ്റ്.
ഇപിഎല്‍ കിരീടം സ്വന്തമാക്കിയ ഹെന്‍ഡേഴ്‌സണ് മുന്‍ നായകന്‍ ജെറാഡിന്‍റെ അഭിനന്ദനം - ജെറാഡ് വാര്‍ത്ത
ഒരു വ്യാഴവട്ടക്കാലം ലിവര്‍പൂളിനെ നയിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ മുന്‍ നായകന്‍ സ്റ്റീവന്‍ ജെറാഡിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാനായിരുന്നില്ല
ലിവര്‍പൂളിന്‍റെ ചരിത്രത്തിലെ മികച്ച നായകന്‍മാരില്‍ ഒരാളായാണ് ജെറാഡിനെ കണക്കാക്കുന്നത്. എന്നാല്‍ ഒരു വ്യാഴവട്ടക്കാലം ചെമ്പടയെ നയിച്ചിട്ടും അദ്ദേഹത്തിന് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിരുന്നില്ല. 2015ലാണ് ഇംഗ്ലീഷ് താരം ജെറാഡ് ലിവര്‍പൂള്‍ വിടുന്നത്.
അതേസമയം ഹെന്‍ഡേഴ്‌സണിന്‍റെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ കഴിഞ്ഞ 12 മാസത്തിനിടെ പ്രീമിയര്‍ ലീഗ് കിരീടം കൂടാതെ ചാമ്പ്യന്‍സ് ലീഗ്, യുവേഴ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ സ്വന്തമാക്കി. വിശദീകരിക്കാന്‍ സാധിക്കാത്ത വിധം മഹത്തായ അനുഭവമെന്നാണ് പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തെ പറ്റി ഹെന്‍ഡേഴ്‌സണ്‍ പ്രതികരിച്ചത്.